UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസി യുവാവിന്റെ കൊലപാതകം: ഷംസുദീന്‍ എംഎല്‍എയുടെ സഹായി അടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്.

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ കടയുടമ ഉള്‍പ്പെടെയുള്ളവരാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദീന്റെ സഹായിയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.

അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് മധുവിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ആര്‍.ഡി.ഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. എന്നാല്‍ കൊലപാതകികളെ പിടികൂടാതെ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ ബന്ധുക്കള്‍. നാട്ടുകാരാണ് മധുവിനെ മര്‍ദ്ദിച്ച് കൊന്നതെന്ന് രാവിലെ മധുവിന്റെ അമ്മ പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു വളരെ കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിക്കുകയായിരുന്നു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ നാട്ടുകാര്‍ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍