UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി ഭീകരവിരുദ്ധ സേനയിലെ രാജേഷ് സാഹ്നി ആത്മഹത്യ ചെയ്തു; എടിഎസ് ഉദ്യോഗസ്ഥരുടെ ദുരൂഹ മരണങ്ങള്‍ തുടരുന്നു

ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം വെടി വച്ച് മരിക്കുകയായിരുന്നു. ഈ മാസം ആദ്യം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയിലെ ഐ.പി.എസ് ഓഫീസര്‍ ഹിമാന്‍ഷു റോയിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സേനയിലെ (എ.ടി.എസ്) മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാജേഷ് സാഹ്നി ആത്മഹത്യ ചെയ്ത നിലയില്‍. എ.ടി.എസിലെ അഡീഷനല്‍ സൂപ്രണ്ടായ രജേഷിനെ ചൊവ്വാഴ്ചയാണ് ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം വെടി വച്ച് മരിക്കുകയായിരുന്നു. ഈ മാസം ആദ്യം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയിലെ ഐ.പി.എസ് ഓഫീസര്‍ ഹിമാന്‍ഷു റോയിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച അവധിയായിട്ടും ഉച്ചയ്ക്ക് ഓഫീസില്‍ എത്തിയ രാജേഷ് സാഹ്നി റൂമില്‍ കയറി കതകടച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓഫീസില്‍ കയറിയ ശേഷം തോക്ക് തന്റെ വാഹനത്തില്‍ മറന്നു വച്ചതായി കണ്ടെത്തിയ അദ്ദേഹം സഹായിയെകൊണ്ട് എടുപ്പിക്കുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. 1992 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ് രാജേഷ് സാഹ്നി. സംസ്ഥാനത്ത് നടന്ന പല വമ്പന്‍ കേസുകളും തെളിയിച്ച സാഹ്നി കാണ്‍പൂരിലെ ഐ.എസുമായി ബന്ധപ്പെട്ട തീവ്രവാദി കൊല്ലപ്പെട്ട കേസിലും തുമ്പുണ്ടാക്കിയിരുന്നു. ഉത്തരാഖണ്ഡില്‍ പാകിസ്ഥാനി ചാരനെ പിടിച്ച കേസിലും സുപ്രധാന പങ്ക് വഹിച്ചിരുന്നു.

അതിനിടെ, സാഹ്നിയുടെ മരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് യുപിയിലെ തീവ്രവാദ വിരുദ്ധ സേന. സംഭവം നടന്ന ഉടന്‍തന്നെ നിരവധി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയിയില്‍ എത്തിയിരുന്നു. 2004ലാണ് ഭീകര വിരുദ്ധസേനയില്‍ എ എസ് പിയായി അദ്ദേഹം ചുമതലയേല്‍ക്കുന്നത്. രാജ്യത്തിന് നഷ്ടമായത് മികച്ച പൊലീസ് ഓഫീസറെയാണെന്നും സംഭവത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം ഉടന്‍ കണ്ടെത്തുമെന്നും ഡിഐജി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍