UPDATES

യോഗിയുടെ ഗോരഖ്പൂര്‍ അടക്കം രണ്ട് സിറ്റിംഗ് സീറ്റുകളില്‍ ബിജെപിക്ക് തിരിച്ചടി; യുപിയില്‍ എസ് പിയുടെ മുന്നേറ്റം

യോഗി ആദിത്യനാഥ് 1998 മുതല്‍ 2014 വരെയുള്ള തുടര്‍ച്ചയായ അഞ്ച് ലോക്‌സഭാ തിരഞ്ഞടുപ്പുകളില്‍ ഗോരഖ്പൂരില്‍ നിന്ന് ജയിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും ബിജെപിക്ക് തിരിച്ചടി. രണ്ടും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. രണ്ടിലും സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ലോക്‌സഭാംഗത്വം രാജി വച്ചതിനെ തുടര്‍ന്നാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളിലും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിക്ക് മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ മായാവതിയുടെ ബി എസ് പി പിന്തുണ നല്‍കുന്നു. 2014ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് യുപിയില്‍ ആകെയുള്ള 80ല്‍ 73 സീറ്റും നേടിയിരുന്നു. ബിജെപി ഒറ്റക്ക് 71 സീറ്റാണ് നേടിയത്. മുഖ്യമന്ത്രി ആദിത്യനാഥ് അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ച സീറ്റിലെ തിരിച്ചടി ബിജെപിയെ സംബന്ധിച്ച് വലിയ ആഘാതമാണ്.

യോഗിയുടെ ഗോരഖ്പൂരില്‍ എസ് പിയിലെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയേക്കാള്‍ 9500ലധികം വോട്ടിന് ലീഡ് ചെയ്യുന്നു. ഫുല്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൗശലേന്ദ്ര സിംഗ് പട്ടേലിനെ പിന്നിലാക്കി 14,000ത്തില്‍ പരം വോട്ടിന്‍റെ ലീഡുമായി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ മുന്നേറുകയാണ്. ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് 1998 മുതല്‍ 2014 വരെയുള്ള തുടര്‍ച്ചയായ അഞ്ച് ലോക്‌സഭാ തിരഞ്ഞടുപ്പുകളില്‍ ഇവിടെ നിന്ന് ജയിച്ചിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി ബിജെപി ജയിക്കുന്ന സീറ്റാണ് ഗോരഖ്പൂര്‍. 91ലും 96ലും ബിജെപി സ്ഥാനാര്‍ഥിയായി മഹന്ത് അവേദ്യനാഥ് ആണ് ഇവിടെ ജയിച്ചത്. 89ലെ തിരഞ്ഞെടുപ്പില്‍ ഹിന്ദുമഹാസഭ സ്ഥാനാര്‍ഥിയായാണ്‌ മഹന്ത് അവേദ്യനാഥ് ഇവിടെ ജയിച്ചത്. 2014-ൽ യോഗി ഇവിടെ ജയിച്ചത് 3 .13 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. എസ് പി 2 .26 ലക്ഷവും ബി എസ് പി 1 76 ലക്ഷവും വോട്ടുപിടിച്ചു. അതായത് രണ്ടു പേരും പിടിച്ചതിനേക്കാൾ കൂടുതലായിരുന്നു യോഗിയുടെ ഭൂരിപക്ഷം. അവിടെയാണ് ഇപ്പോൾ എസ പി- ബി എസ പി കൂട്ടുകെട്ടിന് 20,000 ത്തോളം വോട്ടുകൾക്ക് പിന്നിൽ ബിജെപി സ്ഥാനാർഥി എത്തിയിരിക്കുന്നത്.ഗോരഖ് പൂർ കേന്ദ്രീകരിച്ചായിരുന്നു കുറച്ചായി യോഗിയുടെ യുപി ഭരണം. മഠം കേന്ദ്രമാക്കി വോട്ട് പ്രചാരണം മുഴുവൻ യോഗിയുടെ നേതൃത്വത്തിലും.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പിന്നീട് മറ്റൊരു മുന്‍ പ്രധാനമന്ത്രി വിപി സിംഗിന്‍റെയും മണ്ഡലമായിരുന്നു ഫുല്‍പൂര്‍. ജനവിധി തേടിയ മൂന്ന് തിരഞ്ഞെടുപ്പുകളിലും (1952, 57, 62) നെഹ്‌റു ഇവിടെ നിന്നാണ് മത്സരിച്ചത്. നെഹ്‌റുവിന്‍റെ മരണത്തിന് ശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ (1964) സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1967ലും വിജയലക്ഷ്മി പണ്ഡിറ്റ്‌ തന്നെ ജയിച്ചു. 1969ലെ ഉപതിരഞ്ഞെടുപ്പില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ജ്ഞാനേശ്വര്‍ മിശ്ര ആദ്യമായി മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു.
1971ല്‍ വിപി സിംഗ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി ഇവിടെ നിന്ന് ജയിച്ചത്. പിന്നീട് 1984ല്‍ മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ ജയിക്കാനായത്. ഭാരതീയ ലോക് ദളും ജനതാ പാര്‍ട്ടിയും പിന്നീട് ജനതാ ദളും സമാജ് വാദി പാര്‍ട്ടിയുമെല്ലാം മണ്ഡലം കൈവശപ്പെടുത്തി. 2009ല്‍ ബി എസ് പി ജയിച്ചു. 2014ല്‍ കേശവ് പ്രസാദ് മൗര്യയിലൂടെ ബിജെപി ആദ്യമായി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍