UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: ബിജെപിക്കെതിരെ അഖിലേഷിന്റെ എസ് പിക്ക് പിന്തുണയുമായി മായാവതിയുടെ ബി എസ് പി

ഈ സഖ്യം തുടരാന്‍ കഴിയുമെന്നും ഒരു ബഹുജന്‍ മതേതര സഖ്യമുണ്ടാക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ കരുതുന്നു – പാന്‍ഖുരി പഥക് ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ചിരവൈരികളായ ബി എസ് പി രംഗത്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലുമാണ് ഇരുവരും  ലോക്‌സഭാംഗത്വം രാജി വച്ചതിനെ തുടര്‍ന്ന്  ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ മായാവതിയുടേയും അഖിലേഷ് യാദവിന്റേയും  നേതൃത്വത്തിലുള്ള ബി എസ് പിയും എസ് പിയും യോജിക്കുന്നത്. ബി എസ് പി നേതാവ് ഘന്‍ശ്യാം ഖര്‍വാര്‍ ആണ് ഉപതിരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനുള്ള പാര്‍ട്ടി തീരുമാനം അറിയിച്ചത്. മാര്‍ച്ച് 11നാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.

അഖിലേഷ് യാദവോ മായാവതിയോ ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ഇരു പാര്‍ട്ടികളുടേയും വക്താക്കള്‍ ഇക്കാര്യം അറിയിച്ചുകഴിഞ്ഞു. സമാജ് വാദി വക്താവ് പാന്‍ഖുരി പഥകും ഇക്കാര്യം സൂചിപ്പിച്ച് ട്വീറ്റ് ഇട്ടിട്ടുണ്ട് – ഗോരഖ്പൂര്‍,  ഫൂല്‍പൂര്‍ മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബി എസ് പി പിന്തുണയ്ക്കും. ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന തീരുമാനമാണ് മായവതീജി എടുത്തിരിക്കുന്നത്. ഈ സഖ്യം തുടരാന്‍ കഴിയുമെന്നും ഒരു ബഹുജന്‍ മതേതര സഖ്യമുണ്ടാക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ കരുതുന്നു – പാന്‍ഖുരി പഥക് ട്വീറ്റ് ചെയ്തു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 80ല്‍ 71 സീറ്റും 2017 മാര്‍ച്ചിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 403ല്‍ 325 സീറ്റും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നേടിയിരുന്നു. യുപി ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് 2019ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ പരീക്ഷണങ്ങളിലൊന്നാകും. 1993ലെ നിയമസഭ തിരഞ്ഞെടുപ്പിലും യുപിയില്‍ ബിജെപിയെ തടയുന്നതിനായി എസ് പിയും ബി എസ് പിയും സഖ്യമുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ സഖ്യം ജയിക്കുകയും എസ് പി നേതാവ് മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയാവുകയും ചെയ്‌തെങ്കിലും രണ്ട് വര്‍ഷത്തിനകം സഖ്യം പൊളിയുകയും ബി എസ് പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വീഴുകയും ചെയ്തു. 1995ല്‍ ബി ജെ പി പിന്തുണയോടെ ബി എസ് പി സര്‍ക്കാര്‍ രൂപീകരിക്കുകയും മായാവതി ആദ്യമായി മുഖ്യമന്ത്രിയാവുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 19 സീറ്റിലൊതുങ്ങിയ ബി എസ് പി ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ തവണ എസ് പി സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുകയാണ്.

അഞ്ച് തവണ തുടര്‍ച്ചയായി യോഗി ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് കഴിഞ്ഞ മൂന്ന് തവണയും ഇവിടെ യോഗി ജയിച്ചത്. ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയ്ക്ക് വേണ്ടി ശക്തമായ പ്രചാരണവുമായി യോഗി രംഗത്തുണ്ട്. 2014ല്‍ ആദ്യമായാണ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മണ്ഡലമായിരുന്ന ഫുല്‍പൂര്‍ ബിജെപി പിടിച്ചത്. കേശവ് പ്രസാദ് മൗര്യ ആദ്യമായാണ് കഴിഞ്ഞ തവണ ലോക്‌സഭാംഗമായതും. 2014ന് മുമ്പ് ഏറെക്കാലമായി ബി എസ് പിയുടെ ശക്തികേന്ദ്രമായിരുന്നു ഫുല്‍പൂര്‍. നിഷാദ് സമുദായ നേതാവായ പ്രവീണ്‍ കുമാര്‍ നിഷാദിനെയാണ് ഗോരഖ്പൂരില്‍ എസ് പി ്മത്സരിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍