UPDATES

വീഡിയോ

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടി: വനിത സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ഇത്തരമൊരു പരിപാടിയില്‍ സ്ഥലം മാറ്റത്തെക്കുറിച്ചൊന്നും പറയാന്‍ പാടില്ലെന്നാണ് ത്രിവേന്ദ്ര റാവത്തിന്റെ അഭിപ്രായം.

ഡെറാഡൂണില്‍ ജനതാ ദര്‍ബാര്‍ പരിപാടിക്കിടെ സ്ഥലം മാറ്റം സംബന്ധിച്ച് ആവശ്യമുന്നയിക്കുകയും പരാതി പറയുകയും ചെയ്ത വനിത സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരാഖണ്ഡ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ ഉത്തരവ്. ഇവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും ബിജെപി നേതാവായ റാവത്ത് ഉത്തരവിട്ടു. നാടകീയമായ രംഗങ്ങളാണ് ജനതാ ദര്‍ബാറില്‍ അരങ്ങേറിയത്. സ്‌കൂള്‍ ടീച്ചര്‍ തന്നോട് മോശമായി പെരുമാറിയെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും ആരോപിച്ചാണ് അവിടെയുണ്ടായിരുന്ന പൊലീസിനോട് ഉടന്‍ തന്നെ അവരെ കസ്റ്റഡിയിലെടുക്കാന്‍ റാവത്ത് ആവശ്യപ്പെട്ടത്. ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ത്രിവേന്ദ്ര റാവത്തിന്റെ നടപടിക്കെതിരെ ഉയരുന്നത്.

ഉത്തര ബഹുഗുണ എന്ന 57കാരിയായ സ്‌കൂള്‍ പ്രിന്‍സിപ്പളാണ് ജനത ദര്‍ബാറില്‍ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഉത്തരകാശി ജില്ലയിലെ നവ്ഗാവ് മേഖലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പളാണ് ഇവര്‍. കഴിഞ്ഞ 25 വര്‍ഷമായി ഇത്തരം വിദൂര പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തനിക്ക് സ്ഥലംമാറ്റം വേണമെന്നാണ് ഉത്തര ബഹുഗുണ ആവശ്യപ്പെട്ടത്. ആവശ്യം ത്രിവേന്ദ്ര റാവത്ത് തള്ളിയപ്പോള്‍ ടീച്ചര്‍ മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ക്രുദ്ധനായ റാവത്ത് അവരെ കസ്റ്റഡിയിലെടുക്കൂ എന്ന് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. സര്‍വീസില്‍ നിന്ന സസ്‌പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചു. മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റത്തിനും ധാര്‍ഷ്ട്യത്തിനുമെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ഇത്തരമൊരു പരിപാടിയില്‍ സ്ഥലം മാറ്റത്തെക്കുറിച്ചൊന്നും പറയാന്‍ പാടില്ലെന്നാണ് ത്രിവേന്ദ്ര റാവത്തിന്റെ അഭിപ്രായം. ട്രാന്‍സര്‍ ആക്ട് പ്രകാരമാണ് എല്ലാ ട്രാന്‍സറുകളും കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 25 വര്‍ഷം ഇത്തരം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ജോലി ചെയ്ത തനിക്ക് ഈ പ്രായത്തില്‍ ഇത് തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ഉത്തര ബഹുഗുണ പറഞ്ഞു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍