UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യത്തിന്റെ ‘കാവല്‍ നായ്ക്കള്‍’ ആദ്യം കുരക്കണം, കേട്ടില്ലെങ്കില്‍ കടിക്കണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി, അത് അപകടത്തിലാകുമ്പോള്‍ ഈ കാവല്‍ നായ്ക്കള്‍ കുരയ്ക്കണം. എന്നാല്‍ ഈ കുര ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ കടിക്കുക എന്നല്ലാതെ ഇവര്‍ക്ക് വേറെ വഴിയില്ല.

ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായ കോടതികളും മാധ്യമങ്ങളും ഭരണകൂടത്തിന് നേരെ കുരയ്ക്കണമെന്നും കേട്ടിട്ടില്ലെങ്കില്‍ കടിച്ചുകീറുകയല്ലാതെ വഴിയില്ലെന്നും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി കുര്യന്‍ ജോസഫ്. ഡല്‍ഹിയില്‍ സറ്റഡി ടൂറിനെത്തിയ കേരള മീഡിയ അക്കാഡമി വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം പറഞ്ഞത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി, അത് അപകടത്തിലാകുമ്പോള്‍ ഈ കാവല്‍ നായ്ക്കള്‍ കുരയ്ക്കണം. എന്നാല്‍ ഈ കുര ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ കടിക്കുക എന്നല്ലാതെ ഇവര്‍ക്ക് വേറെ വഴിയില്ല. കുരയ്ക്കും പട്ടി കടിക്കില്ലെന്ന പഴഞ്ചൊല്ലിന് ചില പ്രത്യേക സാഹചര്യങ്ങളില്‍ അപവാദമുണ്ടാകുമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ജെ ചെലമേശ്വറും വിരമിച്ച ശേഷം ഒരു പദവിയും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും വിരമിച്ച ശേഷം വിവിധ പദവികള്‍ സ്വീകരിക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുന്നു എന്ന വിമര്‍ശനം ശക്തമാണ്. ജസ്റ്റിസ് പി സദാശിവം ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ശേഷം കേരള ഗവര്‍ണറായി. മറ്റൊരു മുന്‍ ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ്.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ചെലമേശ്വറും സീനിയോറിറ്റി അനുസരിച്ച് അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ട ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചട്ടവിരുദ്ധമായും ഏകാധിപത്യപരമായും പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനം 2017 നവംബറില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍