UPDATES

ഇന്ത്യ

ബിജെപിയുമായുള്ള സഖ്യം തകര്‍ന്നാലും കുഴപ്പമില്ല, ആള്‍ക്കൂട്ട കൊലകളെ എതിര്‍ക്കും: അകാലി ദള്‍

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന സമീപനങ്ങള്‍ മാറ്റണമെന്നാണ് കഴിഞ്ഞ ദിവസം ഛണ്ഡിഗഡിലെത്തിയപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും അകാലി ദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആള്‍ക്കൂട്ട കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പശുവിന്റെ പേരിലടക്കമുള്ള കൊലപാതകങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയും ചെയ്യുന്നതിനിടയില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍. ബിജെപിയുമായുള്ള സഖ്യം തകര്‍ന്നാലും കുഴപ്പമില്ല, ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നാണ് രാജ്യസഭയിലെ അകാല ദള്‍ നേതാവ് ബല്‍വീന്ദര്‍ സിംഗ് ഭുന്ദര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. രാജ്യത്തെ ന്യൂനപക്ഷ സമുദായക്കാര്‍ ഭീതിയിലാണ് ജീവിക്കുന്നതെന്നും ബല്‍വീന്ദര്‍ സിംഗ് ഭുന്ദര്‍ പറഞ്ഞു. ശിരോമണി അകാലി ദളിന് 100 വര്‍ഷത്തെ ചരിത്രമുണ്ട്. ഗുരു നാനാക് ദേവിന്റെ സന്ദേശം എല്ലാവരേയും തുല്യരായി കാണാനാണ്. ബിജെപിയുമായി ഞങ്ങള്‍ക്കുള്ളത് രാഷ്ട്രീയ സഖ്യമാണ്. പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ഇത് ഞങ്ങളെ തടയുന്നില്ല. ഇത് ജനാധിപത്യമാണ് – ബല്‍വീന്ദര്‍ സിംഗ് വ്യക്തമാക്കി.

ആള്‍ക്കൂട്ടം നടപ്പാക്കുന്ന കൊലകള്‍ അപകടകരമായ സാഹചര്യമാണ് രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. മുസ്ലീങ്ങളും മറ്റ് സമുദായങ്ങളില്‍ പെട്ടവരുമെല്ലാം ഇരകളാക്കപ്പെടുന്നു. പശുവിന്റെ പേരിലായാലും ജാതിയുടെ പേരിലായാലും ഇത്തരം ക്രൂരതകള്‍ അംഗീകരിക്കാനാവില്ല. ഇത് മോശപ്പെട്ട അവസ്ഥയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വര്‍ഷത്തിലധികമായി. ആരോടും വിവേചനം കാട്ടരുതെന്നും എല്ലാ മനുഷ്യര്‍ക്കുള്ളിലും ദൈവമുണ്ടെന്നുമാണ് ഗുരു നാനാകിന്റെ സന്ദേശം. ഈ സന്ദേശമാണ് അകാലി ദള്‍ പിന്തുടരുന്നത്. അത് ഞങ്ങളുടെ നിലപാടുകളില്‍ തീര്‍ച്ചയായും പ്രതിഫലിക്കും – പഞ്ചാബിലെ സഖ്യത്തെക്കുറിച്ച് ബിജെപിക്ക് ആശങ്കയുണ്ടാക്കും വിധം അകാലി ദള്‍ നേതാവ് പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന സമീപനങ്ങള്‍ മാറ്റണമെന്നാണ് കഴിഞ്ഞ ദിവസം ഛണ്ഡിഗഡിലെത്തിയപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും അകാലി ദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞത്. പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞത് ബല്‍വീന്ദര്‍ സിംഗും ആവര്‍ത്തിച്ചു. സിഖ് സമുദായം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നാണെന്നും ന്യൂനപക്ഷ ഐക്യം രാജ്യത്ത് ശക്തിപ്പെടുമെന്നും ബല്‍വീന്ദര്‍ സിംഗ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായുള്ള ബിജെപിയുടെ ബന്ധം മോശമായ അവസ്ഥയില്‍ തുടരുകയോ പലയിടങ്ങളിലും സഖ്യം തകരുകയോ ചെയ്തിരിക്കുന്നതിന് ഇടയിലാണ് പഞ്ചാബില്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച് അകാലി ദളിന്റെ വിമര്‍ശനങ്ങള്‍.

‘അവിശ്വാസം’ അതല്ലേ എല്ലാം? 2019ലേയ്ക്കുള്ള രാഹുലിന്റേയും മോദിയുടേയും വഴികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍