UPDATES

യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സുപ്രീം കോടതിയില്‍ കേസ് നാളെ

ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന് ബിജെപിയേക്കാള്‍ എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് യെദിയൂരപ്പ ഭൂരിപക്ഷം അവകാശപ്പെടുന്നതെന്ന് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു.

24-ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ തടയണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി രാത്രി വൈകി മുതല്‍ വാദം കേട്ട് പുലര്‍ച്ചെ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് രാവിലെ 9 മണിക്ക് ശേഷം യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ. അതേസമയം മറ്റ് മന്ത്രിമാരൊന്നും ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഇന്നലെ വൈകീട്ടാണ് യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുബായ് വാല ക്ഷണിച്ചത്. 117 എംഎല്‍എമാരുടെ പിന്തുണയുമായി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ടെങ്കിലും മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അവരെ ക്ഷണിച്ചില്ല. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചത്.

ആകെയുള്ള 224 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 113 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ബിജെപിക്ക് 104 പേരുടെ എംഎല്‍എമാരാണുള്ളത്. ഒരു സ്വതന്ത്രനടക്കം 105 പേരുടെ പിന്തുണ. 15 ദിവസമാണ് നിയമസഭയില്‍ വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കാനായി ഗവര്‍ണര്‍ ബിജെപിക്ക് അനുവദിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നടപടി വലിയ വിവാദമായിരിക്കുകയുമാണ്. ചീഫ് ജസ്റ്റിസ് മൂന്ന് ജഡ്ജിമാരുടെ ബഞ്ച് രൂപീകരിച്ച് കേസ് അലോക്കേറ്റ് ചെയ്യുകയായിരുന്നു. ജസ്റ്റിസ് എകെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, അശോക് ഭൂഷന്‍ എന്നിവര്‍ അംഗങ്ങളാണ്. കേസിന്‍റെ പ്രാധാന്യം പരിഗണിച്ച് അടിയന്തരമായി രാത്രി ഒരു മണിക്ക് ചീഫ് ജസ്റ്റിസ് കോടതി ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നര മണിക്കൂറില്‍ അധികം വാദം കേള്‍ക്കല്‍ നീണ്ടുനിന്നു. അതേസമയം നാളെ രാവിലെ 10.30ന് കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. എംഎല്‍എമാരുടെ പിന്തുണക്കത്ത് ഹാജരാക്കാന്‍ ബിജെപിയോട് കോടതി ആവശ്യപ്പെട്ടു.

ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന് ബിജെപിയേക്കാള്‍ എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് യെദിയൂരപ്പ ഭൂരിപക്ഷം അവകാശപ്പെടുന്നതെന്ന് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. എംഎല്‍എമാരെ പണം നല്‍കി കൂറ് മാറ്റാതെ ബിജെപിക്ക് ഭൂരിപക്ഷമുണ്ടാക്കാന്‍ കഴിയില്ലെന്ന് അഭിഷേക് സിംഗ്വി വാദിച്ചു. അങ്ങനെ വന്നാല്‍ ഇത് കൂറുമാറ്റ നിരോധന നിയമ്ത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു. അതേസമയം എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ ഇത്തരത്തില്‍ കൂറ് മാറിയാല്‍ അത് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാലിന്റെ വാദം. എന്നാല്‍ സത്യപ്രതിജ്ഞക്ക് മുമ്പ് കൂറുമാറ്റ നിരോധനം ബാധകമല്ലെന്ന് വാദം അസംബന്ധമാണെന്നും ഇത് കുതിരക്കച്ചവടത്തിനുള്ള മറയില്ലാത്ത ക്ഷണമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബിജെപിക്ക് ഭൂരിപക്ഷമില്ല എന്നു നിങ്ങള്‍ക്ക് എങ്ങനെ അറിയാം എന്നാണ് ബിജെപിക്ക് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ചോദിച്ചത്. പാതിരാത്രിയിൽ പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നും ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുമോ എന്നും റോഹ്തഗി ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍