UPDATES

കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ്; ബിജെപിക്ക് തിരിച്ചടി

കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തങ്ങളെ പിന്തുണക്കുന്ന 117 എംഎല്‍എമാരുടെയും പേരുകള്‍ സഹിതമാണ് പിന്തുണ കത്ത് ഹാജരാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

കര്‍ണാടക നിയമസഭയില്‍ നാളെ വൈകീട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഉത്തരവ്. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഉത്തരവ് കോണ്‍ഗ്രസും ജെഡിഎസും സ്വാഗതം ചെയ്തു. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്.

എംഎല്‍എമാരുടെ പിന്തുണ കത്ത് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ അത്രയും പേരുടെ പിന്തുണ വ്യക്തമാക്കിയിരുന്നില്ല. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തങ്ങളെ പിന്തുണക്കുന്ന 117 എംഎല്‍എമാരുടെയും പേരുകള്‍ സഹിതമാണ് പിന്തുണ കത്ത് ഹാജരാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം നിലവില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തെ പിന്തുണക്കുന്നതായി പറയുന്ന പലരും മാനസികമായി ബിജെപിക്കൊപ്പമാണ് എന്നും ഇവരില്‍ പലരും ഫോണില്‍ തന്നോട് സംസാരിച്ചെന്നും ബിജെപിക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി പറഞ്ഞത്. പല എംഎല്‍എമാരും പിന്തുണ കത്തില്‍ ഒപ്പ് വച്ചിട്ടില്ലെന്നും റോത്താഗി വാദിച്ചു.

സത്യപ്രതിജ്ഞ റദ്ദാക്കുന്നില്ല എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഗവര്‍ണര്‍ എന്ത് തീരുമാനിച്ചാലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന് ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ തീരുമാനത്തിലെ നിയമപ്രശ്നം വിശദമായി പിന്നീട് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത് 30 ദിവസത്തെ സമയം വിശ്വാസ വോട്ടെടുപ്പിനായി നല്‍കണമെന്നാണ് എന്ന് മുകുള്‍ റോത്താഗി വാദിച്ചതായി ബാര്‍ ബഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയുമാണ്‌ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് വേണ്ടി ഹാജരായത്. വിധി ചരിത്രപരമാണ് എന്ന് അഭിഷേക് സിംഗ്വി അഭിപ്രായപ്പെട്ടു. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രൊ ടേം സ്പീക്കര്‍ ആക്കിക്കൊണ്ട് വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എല്ലാം എംഎല്‍എമാര്‍ക്കും സഭയിലെത്തി വോട്ട് ചെയ്യാന്‍ കഴിയും വിധം സുരക്ഷയൊരുക്കണം. സുരക്ഷ ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഡിജിപിക്കാണ് എന്നും കോടതി വ്യക്തമാക്കി. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിച്ച് വോട്ട് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ നയപരമായ യാതൊരു തീരുമാനവും എടുക്കരുത് എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം വിശ്വാസ വോട്ടിന് ബിജെപി തയ്യാറാണ് എന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയും എന്ന് ഉറച്ച വിശ്വാസമുണ്ട്‌ എന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു.

“ഗവര്‍ണര്‍ വാല പ്രവര്‍ത്തിച്ചത് ഭരണഘടനവിരുദ്ധമായാണ് എന്ന ഞങ്ങളുടെ നിലപാട് സുപ്രീം കോടതി ഉത്തരവ് സാധൂകരിക്കുന്നു. ഭൂരിപക്ഷമില്ലാതെയും മന്ത്രിസഭ രൂപീകരിക്കുമെന്ന ബിജെപിയുടെ നിലപാട് സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. നിയമപരമായ വഴികള്‍ അവര്‍ക്ക് മുന്നില്‍ അടഞ്ഞിരിക്കുന്നു. ഇനി അവര്‍ മസില്‍ പവറും മണി പവറും ഉപയോഗിക്കും” – കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

യെദിയൂരപ്പ ഒരു ദിവസത്തേക്ക് കൂടി മുഖ്യമന്ത്രിയായി തുടരുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല പ്രരിഹസിച്ചു. സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലാത്ത ഒരു മുഖ്യമന്ത്രിയേയും ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധമായ നടപടിയേയും സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ് എന്നും സൂര്‍ജെവാല അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍