UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്റെ ‘സല്‍പ്പേര്’ പഞ്ചാബ് നാഷണല്‍ ബാങ്ക് കളഞ്ഞു; കടം വീട്ടാന്‍ സമ്മതിച്ചില്ല: നിരവ് മോദി

ഉടന്‍തന്നെ കടംവീട്ടാനുള്ള നടപടികള്‍ ഞാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 13നും 15നും തന്റെ അഭ്യര്‍ഥന ബാങ്ക് അധികൃതര്‍ കേട്ടില്ല. ഇത് എന്റെ ബ്രാന്‍ഡിനേയും വ്യവസായത്തേയും നശിപ്പിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) അമിതാവേശമാണ് വായ്പ തിരിച്ചടച്ച കടം വീട്ടാനുള്ള തന്റെ ശ്രമത്തെ തകര്‍ത്തതെന്ന് തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ ജ്വല്ലറി വ്യാപാരി നിരവ് മോദി. പിഎന്‍ബി മാനേജ്‌മെന്റിന് ഫെബ്രുവരി 15,16 തീയതികളില്‍ നീരവ് മോദി എഴുതിയ കത്തിലാണ് നിരവ് മോദി ഇക്കാര്യം പറയുന്നത്. കത്തിന്റെ പകര്‍പ്പ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്ക് അവകാശപ്പെട്ടതിനെക്കാളും വളരെക്കുറവാണ് യഥാര്‍ത്ഥത്തില്‍ തന്റെ കടങ്ങളെന്നും ബന്ധുക്കള്‍ക്ക് കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്നും നിരവ് മോദി കത്തില്‍ പറയുന്നു.

സത്യത്തില്‍ ഞാന്‍ ബാങ്കിന് നല്‍കാനുള്ള പണം 5000 കോടി രൂപയില്‍ താഴെയാണ്. ‘തെറ്റായി ചിത്രീകരിച്ച ബാധ്യതകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഫലമായി തന്റെ സ്ഥാപനങ്ങളിലും മറ്റും പെട്ടെന്നുതന്നെ തിരച്ചില്‍ നടത്തുകയും പലതിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ഇത് ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനലിന്റെയും ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷനലിന്റെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഉടന്‍തന്നെ കടംവീട്ടാനുള്ള നടപടികള്‍ ഞാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 13നും 15നും തന്റെ അഭ്യര്‍ഥന ബാങ്ക് അധികൃതര്‍ കേട്ടില്ല. (14നാണ് തട്ടിപ്പിനെക്കുറിച്ച് വാര്‍ത്ത പുറത്തുവന്നത്). ഇത് എന്റെ ബ്രാന്‍ഡിനേയും വ്യവസായത്തേയും നശിപ്പിച്ചു. ഇതോടെ കടങ്ങള്‍ വീട്ടാനാകാത്ത സ്ഥിതിയുണ്ടായി’ – മോദി കത്തില്‍ പറയുന്നു. നിരവ് മോദിയും ബാങ്ക് അധികൃതരുമായും മോദിയുടെ കമ്പനി ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരുമായും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

തട്ടിപ്പിനെക്കുറിച്ച് പുറംലോകം അറിയുന്നതിന് മുന്‍പ് ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ നീരവ് മോദിയും കുടുംബവും രാജ്യം വിട്ടിരുന്നു. 11,300 കോടി രൂപയുടെ തട്ടിപ്പാണ് പിഎന്‍ബിയുടെ മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിലുണ്ടായത്. നിരവ് മോദി, അദ്ദേഹത്തിന്റെ ബന്ധു മെഹുല്‍ ചോക്്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പ്, മറ്റു ചില വജ്ര, സ്വര്‍ണ വ്യാപാരികള്‍ തുടങ്ങിയവരെയും പിഎന്‍ബിയുടെ റിപ്പോര്‍ട്ടില്‍ സംശയിക്കേണ്ടവരായി രേഖപ്പെടുത്തിയിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടന്ന തിരച്ചിലിന്റെയും പരിശോധനകളുടെയും ഭാഗമായി തിങ്കളാഴ്ച പിഎന്‍ബിയുടെ ബ്രാഡി ബ്രാഞ്ച് സിബിഐ സീല്‍ ചെയ്തു പൂട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍