UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്‍ ജോസഫിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ

നീനു ചാക്കോയ്ക്ക് തുടര്‍ പഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും

ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം നട്ടശ്ശേരി എസ്.എച്ച്. മൗണ്ട് പ്ലാത്തറ വീട്ടില്‍ കെവിന്‍ പി ജോസഫിന്റെ കുടുംബത്തിന് സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയും ഉള്‍പ്പെടെ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കെവിന്‍ പി. ജോസഫിന്റെ ഭാര്യ നീനു ചാക്കോയ്ക്ക് തുടര്‍ പഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍: മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുന്നത്.എറണാകുളം മരട് കാട്ടിത്തല സ്‌കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച വിദ്യാലക്ഷ്മി (ആയത്ത്പറമ്പില്‍ വീട്ടില്‍ സനലിന്റെ മകള്‍), ആദിത്യന്‍ എസ് നായര്‍ (മരട് ശ്രീജിത്തിന്റെ മകന്‍) എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും.

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരും മലപ്പുറം ജില്ലയില്‍ താനൂരും പുതിയ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 40 വീതം തസ്തികകള്‍ സൃഷ്ടിക്കും. ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഇടുക്കി വില്ലേജില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് റവന്യൂ വകുപ്പിന്റെ 40 ഏക്കര്‍ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നല്‍കാന്‍ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഭൂമി നല്‍കുക.ഓഖി ചുഴലിക്കാറ്റില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കുന്നതുവരെ വീട്ടുവാടകയായി മാസം 3000 രൂപ പന്ത്രണ്ട് മാസത്തേക്ക് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍. മൊത്തം 26.64 ലക്ഷം രൂപ ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

കേരള സബോര്‍ഡിനേറ്റ് ജൂഡീഷ്യറിയിലെ ജൂഡിഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനവും വിരമിച്ച ഓഫീസര്‍മാര്‍ക്ക് പെന്‍ഷന്റെ 30 ശതമാനവും ഇടക്കാല ആശ്വാസമായി അനുവദിക്കും. സൂപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 2016 ജനുവരി ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.പാലക്കാട്ടെ ഐ.ഐ.ടി.ക്കു വേണ്ടി പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 8.8 ഹെക്ടര്‍ റവന്യൂ ഭൂമി കൈമാറാന്‍ തീരുമാനിച്ചു.അഞ്ച് ജവഹര്‍ ബാലഭവനുകളിലെ സര്‍ക്കാര്‍ അംഗീകൃത ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍