UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബനാറസ് സര്‍വകലാശാലയിലെ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍: ടീസ്റ്റ സെതല്‍വാദിനെയും അറസ്റ്റ് ചെയ്തു

ക്യാംപസില്‍ വച്ച്‌ ഒരു വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ മുതലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ പേരില്‍ വരാണസി പോലീസ് തന്നെ അന്യായമായി അറസ്റ്റ് ചെയ്‌തെന്ന് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. എന്നാല്‍ അറസ്റ്റ് ഔപചാരികമായിരുന്നില്ലെന്ന് അവര്‍ പിന്നീട് വ്യക്തമാക്കി.

‘സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു ബനാറസ് പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് വളഞ്ഞിരിക്കുന്നു’. ഇത് കരുതല്‍ തടങ്കലാണോയെന്നോ അറസ്റ്റ് ആണോയെന്നോ അറിയില്ലെന്നും എത്രകാലം സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്ന് അറിയില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്നെ അറസ്റ്റ് ചെയ്യാന്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദേശമുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുനില്‍ വെര്‍മ അറിയിച്ചതായും അതിനാല്‍ വരാണസിയിലെ രാജ്ഘട്ടില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്നും അവര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

അതേസമയം അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും കേന്ദ്ര ഓഫീസില്‍ നിന്നും ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ് സര്‍വകലാശാലയ്ക്ക് സമീപത്തുള്ള ലങ്ക സേറ്റഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമിലെ കോണ്‍സ്റ്റബിള്‍ സന്തോഷ് സിന്‍ഹയും അറസ്റ്റ് വാര്‍ത്ത നിഷേധിച്ചതായി സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പസിലെ കലാഭവന് സമീപം ഒരു വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ മുതലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. സര്‍വകലാശാല അധികൃതര്‍ ഈ വിഷയത്തെ അവഗണിക്കുന്നുവെന്നും ക്യാമ്പസിലെ സ്ത്രീപീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സമാജ്‌വാദി ജന്‍ പരിഷദ് യുവ പരിശീലന പരിപാടിയുടെ ഭാഗമായാണ് താന്‍ വരാണസിയിലെത്തിയതെന്ന് സെതല്‍വാദ് പറയുന്നു. ഈ പരിപാടി ഒരുമാസം മുമ്പ് തീരുമാനിച്ചതാണ്. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ തന്നോട് എല്ലാവരും ചോദിക്കുന്നത് ബനാറസ് സര്‍വകലാശാലയില്‍ പോകുന്നുണ്ടോയെന്നാണ്. ഇതൊരു സ്വതന്ത്ര രാജ്യമാണോയെന്ന് എനിക്കിപ്പോള്‍ സംശയം തോന്നുന്നു.

ഇന്ന് രാവിലെ കലാപമുണ്ടാക്കിയെന്ന് ആരോപിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലങ്ക പോലീസ് സ്‌റ്റേഷനിലെ ഏതാനും ഉദ്യോഗസ്ഥരെയും സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പീഡനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക് ഇന്ന് നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. സംഭവത്തില്‍ വരാണസി ഡിവിഷണല്‍ കമ്മിഷണറില്‍ നിന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍