അങ്കമാലി കറുകുറ്റിയില്‍ പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കഴുത്തില്‍ കണ്ടെത്തിയ മുറിവുകളില്‍ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പോലീസ് അറിയിച്ചു. കുളിമുറിയില്‍ വീണെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. ചാലക്കുടി സ്വദേശിയായ പെണ്‍കുട്ടി അവധിക്കാലമായതിനാല്‍ അമ്മ വീട്ടില്‍ എത്തിയതായിരുന്നു. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
കുളിമുറിയില്‍ തെന്നിവീണെന്ന വീട്ടുകാരുടെ മൊഴിയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. കഴുത്തിലെ മുറിവാണ് സംശയത്തിന് കാരണം. കുട്ടിക്ക് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. കറുകുറ്റിയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.