UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണന്താനവും തുഷാര്‍ വെള്ളാപ്പള്ളിയുമുള്‍പ്പെടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ക്കും കെട്ടിവച്ച കാശ് പോയി

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയത് മാത്രമാണ് ബിജെപിയ്ക്ക് ഇക്കുറി ആശ്വാസം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നേടുമെന്നും വോട്ട് വിഹിതം കൂട്ടുമെന്നും പറഞ്ഞ് കളത്തിലിറങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ക്ക് കെട്ടിവച്ച കാശ് പോയി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കുറവ് വോട്ട് നേടിയത് കണ്ണൂരില്‍ മത്സരിച്ച മുന്‍ ബിജെപി അധ്യക്ഷന്‍ സി കെ പത്മനാഭനാണ്. 68,509 വോട്ട് മാത്രമാണ് സി കെ പത്മനാഭന് നേടാനായത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറില്‍ ഒന്ന് നേടാനായാല്‍ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് കെട്ടിവച്ച കാശ് തിരിച്ച് കിട്ടൂ. സി കൃഷ്ണകുമാര്‍(പാലക്കാട്), സുരേഷ് ഗോപി(തൃശൂര്‍), പി സി തോമസ്(കോട്ടയം), കെ എസ് രാധാകൃഷ്ണന്‍(ആലപ്പുഴ), കെ സുരേന്ദ്രന്‍(പത്തനംതിട്ട), ശോഭാ സുരേന്ദ്രന്‍(ആറ്റിങ്ങല്‍), കുമ്മനം രാജശേഖരന്‍(തിരുവനന്തപുരം) എന്നിവര്‍ക്ക് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ കെട്ടിവച്ച തുക ലഭിച്ചത്.

രണ്ട് സീറ്റില്‍ ജയവും 20 ശതമാനം വോട്ടും 10 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡുമാണ് ബിജെപി ഇക്കുറി പ്രതീക്ഷിച്ചിരുന്നത്. ശബരിമലയില്‍ ഉള്‍പ്പെടെ അനുകൂലസാഹചര്യങ്ങളാണെന്ന് വിലയിരുത്തിയായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ശബരിമല തങ്ങള്‍ക്ക് ലഭിച്ച സുവര്‍ണാവസരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഒന്നിലേറെ തവണ കേരളത്തിലെത്തി പ്രചരണ റാലികളിലും പങ്കെടുത്തു.

ഈ അനുകൂല സാഹചര്യത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചിരുന്നതും. രണ്ട് സീറ്റ് വരെ നേടിയേക്കാമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളിലും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയമായിരുന്നു പരാജയം. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയത് മാത്രമാണ് ബിജെപിയ്ക്ക് ഇക്കുറി ആശ്വാസം. എന്നാല്‍ ബിജെപി ജയമുറപ്പിച്ച മണ്ഡലമായിരുന്നു തിരുവനന്തപുരം.

ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും രണ്ട് ലക്ഷത്തിലേറെ വോട്ട് നേടിയത് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കൂടാതെ ബിജെപിയുടെ മൊത്തം വോട്ട് വിഹിതത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 17 ദിവസം മാത്രം പ്രചരണ രംഗത്തുണ്ടായിരുന്ന സുരേഷ് ഗോപി നേടിയ 2,93,822 വോട്ടുകളാണ് ഇതില്‍ ഏറ്റവും തിളക്കമേറിയ നേട്ടമായി ബിജെപി വൃത്തങ്ങള്‍ കരുതുന്നത്. 2014ല്‍ ബിജെപി തൃശൂരില്‍ നേടിയതിനേക്കാളും 1,91,141 വോട്ടുകളുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരട്ടി വോട്ട് കൂടിയ ആലപ്പുഴയാണ് ബിജെപിയ്ക്ക് ആശ്വാസമുണ്ടായ മറ്റൊരു മണ്ഡലം. ഡോ. കെ എസ് രാധാകൃഷ്ണന്‍ ഇവിടെ 1,86,278 വോട്ടുകളാണ് നേടിയത്.

പ്രചരണരംഗത്ത് തിളങ്ങിയ എറണാകുളത്തെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം 1.37 ലക്ഷം വോട്ടുകള്‍ മാത്രമാണ് നേടിയത്. എക്‌സിറ്റ് പോളുകളില്‍ കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. സുരേന്ദ്രന്റെ വോട്ട് വിഹിതവും വര്‍ധിച്ചെങ്കിലും ശബരിമല വിഷയവും പി സി ജോര്‍ജ്ജിന്റെ മുന്നണിയിലേക്കുള്ള വരവും ഒന്നും ഗുണം ചെയ്തില്ലെന്നതിന്റെ തെളിവായി ഈ മൂന്നാം സ്ഥാനം.

read more:പൊതു ഇടത്തിലെ മുസ്ലിം സ്ത്രീയേയും, ഊര്‍ജസ്വലയായ സ്ത്രീ നേതാവിനേയും സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാതെ പോയതെന്തുകൊണ്ട് ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍