UPDATES

ചേര്‍ത്തലയില്‍ ഒന്നേകാല്‍ വയസ്സുകാരിയുടെ മരണം കൊലപാതകം: അമ്മ കുറ്റം സമ്മതിച്ചു

കുട്ടിയുടെ മുത്തശ്ശിയെ മര്‍ദ്ദിച്ച കേസില്‍ ആറ് മാസം മുമ്പ് അച്ഛനും അമ്മയും കുട്ടിയെയും കൊണ്ട് ജയിലില്‍ കിടന്നിരുന്നു

ആലപ്പുഴ ചേര്‍ത്തലയില്‍ ഒന്നേകാല്‍ വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയും നാട്ടുകാരും ചേര്‍ന്നാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ചത്. ഉച്ചവരെയും വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന കുട്ടിയുടെ അപ്രതീക്ഷിത മരണത്തില്‍ നാട്ടുകാരും ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസെത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ ചുണ്ടിലെ ഒരു മുറിവ് മാത്രമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി. ഒരു വയസ്സ് വരെയുള്ള കുട്ടികള്‍ ശ്വാസതടസം മൂലം മരണപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഒരു വയസ്സ് കഴിഞ്ഞാല്‍ അതിനുള്ള സാധ്യതകളൊന്നുമില്ല. അതിനാലാണ് കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. രണ്ട് മാസം പ്രായമുള്ളപ്പോള്‍ കുട്ടിയെ മര്‍ദ്ദിച്ചതിന് ഇവര്‍ക്കെതിരെ കുട്ടിയുടെ മുത്തശ്ശി പോലീസില്‍ പരാതി കൊടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കുന്നുണ്ട്. കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയും അമ്മയ്‌ക്കെതിരാണ്. ‘ഈ പിശാച് കൊച്ചിനെ കൊന്നുകളയുമെന്നൊക്കെയാണ് അവള്‍ പറയാറ്. അവള്‍ പെറ്റ തള്ള പറയാത്ത രീതിയിലൊക്കെയാണ് പറയുന്നത്’ എന്നാണ് കുട്ടിയുടെ മുത്തശ്ശി പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. കുട്ടിയുടെ മുത്തശ്ശിയെ മര്‍ദ്ദിച്ച കേസില്‍ ആറ് മാസം മുമ്പ് അച്ഛനും അമ്മയും കുട്ടിയെയും കൊണ്ട് ജയിലില്‍ കിടന്നിരുന്നു.

പട്ടണക്കാട് പൊലീസ് കുട്ടിയുടെ വീടിന്റെ പരിസരത്തും വിശദമായ പരിശോധന നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍