UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൊഴിമാറ്റാന്‍ പ്രതികളില്‍ നിന്നും പണം വാങ്ങിയ മാതാപിതാക്കളെ കുടുക്കി കൂട്ടബലാത്സംഗത്തിന്റെ ഇരയായ 15 കാരി

പ്രതികളില്‍ നിന്നും മാതാപിതാക്കള്‍ മുന്‍കൂര്‍ ആയി വാങ്ങിയ അഞ്ചുലക്ഷം രൂപയുമായാണ് അവള്‍ സ്റ്റേഷനില്‍ എത്തിയത്

 

തന്നെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളില്‍ നിന്നും പണം വാങ്ങി കോടതിയില്‍ തന്റെ മൊഴി തിരുത്തിക്കാമെന്നു സമ്മതിച്ച മാതാപിതാക്കളെ 15 കാരി തന്നെ കുടുക്കി. പ്രതികള്‍ മുന്‍കൂര്‍ തുകയായി നല്‍കിയ അഞ്ചുലക്ഷത്തിനടുത്ത് രൂപയുമായി പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറയുകായിരുന്നു പെണ്‍കുട്ടി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ഒളിവില്‍ പോയി.

പെണ്‍കുട്ടി കുറെ നോട്ട് കെട്ടുകളുമായാണ് സ്‌റ്റേഷനില്‍ എത്തിയത്. മൂന്നുലക്ഷം രൂപയാണെന്നാണ് അവള്‍ പറഞ്ഞത്. തങ്ങള്‍ എണ്ണിനോക്കിയയപ്പോള്‍ 4.96 ലക്ഷം രൂപ ഉണ്ടായിരുന്നു; പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എംഎന്‍ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ കുറ്റകരമായ ഗൂഡാലോചനയ്ക്കും നിര്‍ബന്ധിതമായി മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനും അടക്കം ജുവനൈല്‍ ജസ്റ്റീസ് ആക്റ്റും ക്രിമിനല്‍ വകുപ്പുകളും അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മാതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിതാവ് രക്ഷപ്പെട്ടെന്നും ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും തന്നെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ പ്രേം നഗറിലാണ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30 നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. ഒരാഴ്ചയ്ക്കു ശേഷം കുട്ടി തിരികെ വീട്ടില്‍ എത്തി. ഒരു പ്രാദേശിക വസ്തു ഇടപാടുകാരനും മറ്റൊരാളും ചേര്‍ന്നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും നോയ്ഡ, ഗാസിയബാദ് തുടങ്ങി പലയിടത്തും കൊണ്ടുപോയി തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും ഒടുവില്‍ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്.

പ്രതികള്‍ ഉള്‍പ്പെടെയുള്ള ചിലര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ച് കോടതിയില്‍ തങ്ങള്‍ക്കെതിരായ മൊഴി പെണ്‍കുട്ടി പറയാതിരിക്കാനായി ഇരുപത് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും മുന്‍കൂര്‍ പണമായി അഞ്ചുലക്ഷം രൂപ മാതാപിതാക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു. ഈ വിവരം പെണ്‍കുട്ടി മനസിലാക്കിയിരുന്നു. പണം വാങ്ങിയ മാതാപിതാക്കള്‍ മൊഴി മാറ്റി പറയണമെന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. എന്നാല്‍ അവളത് നിഷേധിച്ചു. ഇതിന്റെ പേരില്‍ മാതാപിതാക്കള്‍ കുട്ടിയെ ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിവരം പൊലീസിനെ അറിയിക്കാന്‍ പെണ്‍കുട്ടി തീരുമാനിക്കുന്നത്. പണം വീട്ടില്‍ എവിടെയാണ് ഇരിക്കുന്നതെന്നും മനസിലാക്കിയ പെണ്‍കുട്ടി അതുകൂടി എടുത്താണ് സ്റ്റേഷനിലേക്ക് പോയത്.

പെണ്‍കുട്ടിയെ ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെ കീഴിലുള്ള ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റയിരിക്കുകയാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍