UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരോളില്‍ ഇറങ്ങി നടക്കുന്ന കൊലക്കേസ് പ്രതികള്‍ 37 പേര്‍; ജയിലധികൃതര്‍ക്കും പോലീസിനും യാതൊരു വിവരവുമില്ല

പതിനായിരം രൂപയുടെ ആള്‍ ജാമ്യത്തിലാണ് കൊലക്കേസ് പ്രതിക്ക് പരോള്‍ അനുവദിക്കുന്നത്

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നും പരോളിലിറങ്ങി മുങ്ങി നടക്കുന്നത് 37 കൊലക്കേസ് പ്രതികള്‍. അതേസമയം ഇവരെക്കുറിച്ച് പോലീസിനോ ജയില്‍ അധികൃതര്‍ക്കോ യാതൊരു വിവരവുമില്ല.

ജയിലുകളില്‍ നിന്നും മൂന്ന് മാസത്തിലൊരിക്കല്‍ ഇക്കാര്യം പോലീസിനെ ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും ഇവരെ പിടികൂടുന്നത് കത്ത് ഇടപാടുകളില്‍ മാത്രം അവസാനിക്കുന്നതാണ് പതിവ്. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് പത്ത് വര്‍ഷത്തിനിടെ പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതികള്‍ 29 പേരാണ്. ഇതില്‍ 2017, 18, 19 വര്‍ഷങ്ങളില്‍ മുങ്ങിയവരും ഉള്‍പ്പെടുന്നു. കണ്ണൂര്‍ സെന്‍ട്രല്‍, ചീമേനി തുറന്ന ജയിലില്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതവും വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ഓരോരുത്തര്‍ വീതം പരോളിലിറങ്ങി തിരിച്ചെത്തിയിട്ടില്ല.

കൊലക്കേസിലെ പ്രതിക്ക് പരോള്‍ കൊടുക്കണമെങ്കില്‍ പ്രതിക്കും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും ഭീഷണിയില്ലെന്നും മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ട് വേണ്ടതുണ്ട്. പ്രതിയുടെ കുടുംബത്തിനും നാട്ടുകാര്‍ക്കും മറ്റ് ശല്യങ്ങളൊന്നുമുണ്ടാകില്ലെന്ന് സാമൂഹിക നീതി വകുപ്പ് പ്രൊബേഷണറി ഓഫീസറുടെ റിപ്പോര്‍ട്ടും ആവശ്യമാണ്. പക്ഷെ പ്രതി പരോളിലിറങ്ങി മുങ്ങിയാല്‍ ഇവര്‍ക്കാര്‍ക്കും ഉത്തരവാദിത്വമുണ്ടാകില്ലെന്നതാണ് വാസ്തവം.

പതിനായിരം രൂപയുടെ ആള്‍ ജാമ്യത്തിലാണ് കൊലക്കേസ് പ്രതിക്ക് പരോള്‍ അനുവദിക്കുന്നത്. പരോളില്‍ പ്രതി മുങ്ങിയാല്‍ ജാമ്യക്കാരനില്‍ നിന്നും ഈ തുക ഈടാക്കാന്‍ മാത്രമാണ് നിലവില്‍ നിയമമുള്ളത്. പോലീസ് രണ്ടാമതും ജയിലില്‍ ഹാജരാക്കിയാല്‍ മുങ്ങി നടന്ന കാലം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പിന്നെ പരോള്‍ കിട്ടാനും ബുദ്ധിമുട്ടാകും. കാര്യമായ പോലീസ് അന്വേഷണമില്ലാത്തതാണ് പ്രതികള്‍ക്ക് മുങ്ങിനടക്കാന്‍ പ്രേരണയാകുന്നതെന്നാണ് ജയില്‍ അധികൃതരും പറയുന്നത്.

also read:ഒരു വര്‍ഷത്തെ രഹസ്യ ദാമ്പത്യജീവിതം; തുറന്ന് പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പുരുഷ ദമ്പതിമാരുടെ കഥ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍