UPDATES

ട്രെന്‍ഡിങ്ങ്

രണ്ട് കപ്പലിലുമായി ആറ് മലയാളികള്‍; 18 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു

ഗ്രേസ് 1 എന്ന ഇറാന്‍ കപ്പലിലും സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് കപ്പലിലുമായാണ് മലയാളികളുള്ളത്‌

ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ വെള്ളിയാഴ്ച ഇറാന്‍ പിടിച്ചെടുത്ത സ്‌റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് കപ്പലിലെ മൂന്ന് ജീവനക്കാരും ജിബ്രാള്‍ട്ടന്‍ കടലിടുക്കില്‍ ഈമാസം നാലിന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മൂന്ന് ജീവനക്കാരുമുള്‍പ്പെടെ ഇറാന്‍-ബ്രിട്ടന്‍ സംഘര്‍ഷത്തില്‍ ഇതുവരെ കുടുങ്ങിയത് ആറ് മലയാളികള്‍. അതേസമയം സ്റ്റെന ഇംപെറോയില്‍ കുടുങ്ങിക്കിടക്കുന്ന പതിനെട്ട് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമായതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ അറിയിച്ചു. തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്.

കളമശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോളനിയ്ക്ക് സമീപം തെക്കാനത്ത് വീട്ടില്‍ ഡിജോ പാപ്പച്ചനും(26) ഫോര്‍ട്ട്‌കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് സ്റ്റെന ഇംപെറോയിലുള്ളത്. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട്‌കൊച്ചി സ്വദേശിയാണ്. ഗ്രേസ് 1 എന്ന ഇറാന്‍ കപ്പലാണ് ഈമാസം നാലിന് ബ്രിട്ടന്‍പിടിച്ചെടുത്തത്. കാസറഗോഡ് ഉദുമ നമ്പ്യാര്‍ കീച്ചില്‍ പൗര്‍ണമിയില്‍ പി പുരുഷോത്തമന്റെ മകന്‍ തേഡ് എന്‍ജിനിയര്‍ പി പ്രജിത്ത്(33), മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കിടുകിടുപ്പന്‍ വീട്ടില്‍ അബ്ബാസിന്റെ മകനും കപ്പലിലെ ജൂനിയര്‍ ഓഫീസറുമായ അജ്മല്‍(27), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫീസര്‍ റെജിന്‍(40) എന്നിവരാണ് ഈ കപ്പലില്‍ കുടുങ്ങിയത്.

ഇതില്‍ ഡിജോയുടെ വീട്ടിലേക്ക് ശനിയാഴ്ച പുലര്‍ച്ചെ കപ്പല്‍ കമ്പനിയുടെ മുംബൈ ഓഫീസില്‍ നിന്നും വിളിച്ചിരുന്നു. ജീവനക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ് ഭയപ്പെടാനില്ലെന്നുമാണ് പറഞ്ഞത്. ബി എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ ഡിജോ കപ്പലില്‍ മെസ് മാന്‍ ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. 18ന് ഗുജറാത്തില്‍ നിന്നാണ് കപ്പലില്‍ കയറിയത്. ഇറാന്‍ തീരത്താണെന്നും രാസവസ്തുക്കള്‍ കയറ്റാന്‍ സൗദിയിലേക്ക് പോകുകയാണെന്നുമാണ് വിളിച്ചപ്പോള്‍ വീട്ടുകാരോട് പറഞ്ഞത്.

ഗ്രേസ് 1 കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തെന്ന് ചില സുഹൃത്തുക്കളാണ് റെജിന്റെ വീട്ടുകാരെ അറിയിച്ചത്. ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. പ്രജിത്ത് മൂന്ന് മാസം മുമ്പാണ് കപ്പലില്‍ ജോലിയ്ക്ക് കയറിയത്. ജീവനക്കാരില്‍ നിന്നും ആദ്യം പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും തിരികെ നല്‍കിയതായി പ്രജിത്ത് വിളിച്ചപ്പോള്‍ വീട്ടുകാരെ അറിയിച്ചു.

അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ചതിനാണ് ഇറാന്റെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത് ഇറാനും തിരിച്ചടിച്ചു. അതേസമയം മത്സ്യബന്ധന ബോട്ടിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതിനാണ് കപ്പല്‍ പിടിച്ചതെന്നും അന്വേഷണം പൂര്‍ത്തിയാകാതെ വിട്ടയയ്ക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്. കസ്റ്റഡിയിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ജീവനക്കാരെ ആരെയും ഇറാന്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചത്.

read more: 18 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ എസ് യുവിന് യൂണിറ്റ്; പ്രകടനം പോലീസ് തടഞ്ഞു; ഭാരവാഹികളെ മാത്രം കടത്തിവിട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍