UPDATES

പ്രളയം 2019

ഇതുവരെ മരിച്ചത് 79 പേര്‍: മഴ തുടരും, മൂന്ന് ജില്ലകള്‍ക്ക് നാളെ അവധി

ആയിരത്തി അഞ്ഞൂറിലധികം ക്യാമ്പുകളിലായി രണ്ടേമുക്കാല്‍ ലക്ഷം പേരാണ് കഴിയുന്നത്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ഇതുവരെ 79 പേരുടെ മൃതദേഹം കണ്ടെത്തി. ആയിരത്തി അഞ്ഞൂറിലധികം ക്യാമ്പുകളിലായി രണ്ടേമുക്കാല്‍ ലക്ഷം പേരാണ് കഴിയുന്നത്. മലപ്പുറം കവളപ്പാറയില്‍ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 15 ആയി. 44 പേരെയാണ് കവളപ്പാറയില്‍ ഇനിയും കണ്ടെത്താനുള്ളത്.

അതേസമയം ബംഗാളില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ജില്ലകളിലും കനത്ത മഴയുണ്ടാകും. അതേസമയം പതിനാലിന് ശേഷം മഴയുടെ ശക്തി കുറയുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.

അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ ഇടവിട്ട് മഴ പെയ്യും. പാലക്കാട് അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. നെല്ലിയാമ്പതിയും അട്ടപ്പാടിയും ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലെ ഗതാഗത തടസ്സം നീക്കി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു. കണ്ണൂര്‍ ഇരിട്ടിയില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. കവളപ്പാറയെ കൂടാതെ വയനാട്ടിലെ പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്ന തമിഴ്‌നാട്ടിലെ അപ്പര്‍ ഭവാനി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉച്ചയോടെ ഉയര്‍ത്തുമെന്ന് കുന്ത ജലസേചന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെക്കന്‍ഡില്‍ മുന്നൂറ് ഘനഅടി വെള്ളമാണ് അട്ടപ്പാടിയിലെ ഭവാനി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. പുഴയില്‍ ജലമൊഴുക്ക് കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലുമാണ് കളക്ടര്‍മാര്‍ അവധി നല്‍കിയിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

also read:‘ഓന്റെ കയ്യീന്നാണ് ഓള് ഊര്‍ന്നു പോയത്… നമ്മള് അറിയുന്ന എട്ടോളം പേരെ കിട്ടാനുണ്ട്, ഇപ്പം പത്ത് പേരുടെ ബോഡി കിട്ടി, ഇനി ഒന്നുമില്ല, അവിടെ വേറെയൊരു ലോകമാണ്… അതല്ലേ ഞാന്‍ പറഞ്ഞേ… അവിടെ ഒന്നുമില്ല, എല്ലാം പോയി…’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍