UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിനില്‍ ടിക്കറ്റെടുക്കാതെ വന്നിരുന്ന പയ്യനെ ആ വീട്ടമ്മ ശ്രദ്ധിച്ചു; അത് അവന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവായി

അഭിഷേക് ഹൈദ്രാബാദിലേക്കാണ് പോയതെന്ന വിവരം ലഭിക്കാന്‍ ലേഖ നല്‍കിയ വിവരങ്ങളാണ് സഹായിച്ചത്

വീടുവിട്ടിറങ്ങിയ അഭിഷേക് എന്ന പതിനഞ്ചുകാരനെ എട്ടാംനാള്‍ ഹൈദ്രാബാദില്‍ നിന്നും ബന്ധുക്കളും പോലീസും ചേര്‍ന്ന് കണ്ടെത്തിയിരിക്കുകയാണ്. ലങ്കാര്‍ ഹൗസിന് സമീപത്തെ മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരായ മലയാളി യുവാക്കള്‍ക്കൊപ്പം താമസിച്ചതിനാലാണ് അഭിഷേകിനെ അപകടമൊന്നും പറ്റാതെ വീട്ടുകാര്‍ക്ക് തിരികെ ലഭിച്ചത്. നാട്ടില്‍ നിന്നും ജോലി തേടിയിറങ്ങിയതാണെന്നാണ് അവരോട് പറഞ്ഞിരുന്നത്. അവര്‍ക്കൊപ്പം കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു.

അതേസമയം അഭിഷേകിനെ ട്രെയിനില്‍ വച്ച് കണ്ട ലേഖ ശ്രീനു എന്ന വീട്ടമ്മയുടെ ഇടപെടലാണ് അഭിഷേകിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. അഭിഷേക് ഹൈദ്രാബാദിലേക്കാണ് പോയതെന്ന വിവരം ലഭിക്കാന്‍ ലേഖ നല്‍കിയ വിവരങ്ങളാണ് സഹായിച്ചത്. ഇക്കഴിഞ്ഞ ഒമ്പതിന് രാവിലെ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് പോകാന്‍ ശബരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ലേഖ. സ്ലീപ്പര്‍ കോച്ചിലെ സീറ്റില്‍ അല്‍പ്പം കഴിഞ്ഞ് ഒരു കുട്ടി അടുത്തുവന്നിരുന്നു. ഇവിടെ ഇരുന്നോട്ടെയെന്നാണ് അവന്‍ ചോദിച്ചത്.

ഏത് ടിക്കറ്റാണ് എടുത്തതെന്ന് ചോദിച്ചപ്പോള്‍ ടിക്കറ്റെടുക്കണോയെന്ന് അവന്‍ തിരിച്ചു ചോദിച്ചു. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ ഫൈന്‍ അടയ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞതോടെ അവന്‍ ഇറങ്ങിപ്പോകുകയും ചെയ്തു. ആ സംസാരമുണ്ടായതുകൊണ്ടാണ് അവനെ ശ്രദ്ധിച്ചത്. മൂന്നാം നാളാണ് അഭിഷേകിന്റെ ചിത്രവും വിശദാംശങ്ങളും സഹിതം കാണാനില്ലെന്ന പരസ്യം വാട്‌സ്ആപ്പില്‍ കണ്ടത്. ആളെ മനസിലായതും ഫോണില്‍ വിളിച്ച് മാതാപിതാക്കളോട് കാര്യം പറഞ്ഞു.

പോലീസ് റെയില്‍വേസ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അഭിഷേക് ടിക്കറ്റെടുത്ത ശേഷം ട്രെയിനിലേക്ക് കയറുന്ന ദൃശ്യം ലഭിച്ചത്. പിറ്റേന്ന് ഉച്ചയ്ക്ക് 1.40ന് ഹൈദ്രാബാദില്‍ ഇറങ്ങുന്നതും ഒരാളുടെ ബൈക്കിന് കൈകാട്ടി കയറിപോകുന്നതും വിവിധ ക്യാമറകള്‍ വഴി ഹൈദ്രാബാദ് പോലീസ് കണ്ടെത്തുകയും ചെയ്തു. അതിന് പിന്നാലെ അഭിഷേകിന്റെ പിതാവ് വിനോദും പോലീസ് സംഘവും ഹൈദ്രാബാദിലെത്തി. വിവിധ സ്ഥലങ്ങളിലായി ഇവര്‍ തിരച്ചില്‍ തുടരുമ്പോഴാണ് അഭിഷേക് ഇന്നലെ അമ്മയെ വിളിച്ചത്.

എങ്ങനെയെങ്കിലും തിരിച്ചുവരണമെന്ന ആഗ്രഹം തുടങ്ങിയപ്പോഴാണ് മൊബൈല്‍ കടയില്‍ നിന്നും പുറത്തിറങ്ങി ഇന്നലെ അമ്മ സ്വപ്നയെ വിളിച്ചത്. ഒരാളില്‍ നിന്നും ഫോണ്‍ വാങ്ങിയാണ് അമ്മയുടെ മൊബൈലിലേക്ക് വിളിച്ചത്. ‘അമ്മാ’ എന്ന ഒറ്റവിളിയില്‍ ഫോണ്‍ കട്ട് ആകുകയും ചെയ്തു. ഉടന്‍ സ്വപ്‌ന വിനോദിനെ വിളിച്ച് വിവരം അറിയിച്ചു. ആ നമ്പരിലേക്ക് വിളിച്ച വിനോദ് അത് അഭിഷേക് തന്നെയാണെന്ന് ഉറപ്പിക്കുകയും ലങ്കാര്‍ ഹൗസിന് സമീപമുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. ഹൈദ്രാബാദിലുണ്ടായിരുന്ന വിനോദിന് വളരെ പെട്ടെന്ന് തന്നെ ലങ്കാര്‍ ഹൗസിനടുത്ത് എത്താന്‍ സാധിക്കുകയും ചെയ്തു. മലയാളി അസോസിയേഷന്റെ കൂടി സഹായത്തോടെ അതിന്റെ സമീപ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് മൊബൈല്‍ കടയില്‍ നിന്നും അഭിഷേകിനെ കണ്ടെത്തിയത്. അമ്മയെ വിളിച്ചതിന് തൊട്ടുപിന്നാലെ മുന്നില്‍ അച്ഛനെ കണ്ട അഭിഷേക് അമ്പരന്നു. അച്ഛനിലേക്ക് ഓടിയടുക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍