UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

ഞങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. ഞങ്ങളാരും ആരോടും പ്രശ്‌നമുണ്ടാക്കാന്‍ പോയിട്ടില്ല. എന്നിട്ടും അവര്‍ മോശമായി പെരുമാറുകയായിരുന്നു

എബിവിപി ഇന്ന് കേരളത്തില്‍ നടത്തുന്ന ദേശീയ മഹാറാലിയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ ട്രാന്‍സ്ജന്‍ഡറിനെയും സുഹൃത്തുക്കളെയും അപമാനിച്ചതായി പരാതി. ടെലവിഷന്‍ അവതാരകയും ആക്ടിവിസ്റ്റും ഡിവൈഎഫ്‌ഐ പിഎംജി യൂണിറ്റ് സെക്രട്ടറിയുമായ ശ്യാമ എസ് പ്രഭയ്ക്കും സുഹൃത്തുക്കള്‍ക്കുമാണ് എബിവിപി പ്രവര്‍ത്തകരില്‍ നിന്നും അധിക്ഷേപം നേരിട്ടത്.

ഇന്ന് രാവിലെ എബിവിപി റാലി നടക്കുന്നതിനിടെ തിരുവനന്തപുരം നഗരം മുഴുവന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇതിനിടയിലൂടെ മൂന്ന് ഇരുചക്ര വാഹനങ്ങളിലായി ശ്യാമയുള്‍പ്പെടെയുള്ള അഞ്ച് പേര്‍ സഞ്ചരിക്കുകയായിരുന്നു. കടുത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങള്‍ അല്‍പ്പം പോലും നീങ്ങാത്ത സാഹചര്യത്തില്‍ പിഎംജി ജംഗ്ഷനില്‍ വച്ചാണ് ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ അധിക്ഷേപം നടത്തിയതെന്ന് ശ്യാമ അഴിമുഖത്തോട് പറഞ്ഞു. ‘ഞങ്ങളെ തുറിച്ച് നോക്കി പരിഹസിക്കുന്ന രീതിയിലാണ് അവര്‍ സംസാരിച്ചത്. എന്തോന്നടേ ഇതൊക്കെ, നാണമില്ലേ, വേഷം കെട്ടിയിറങ്ങിയിരിക്കുന്നു’ എന്നൊക്കെയാണ് അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങള്‍ എന്തോ തെറ്റ് ചെയ്തപോലെയായിരുന്നു പ്രതികരണം. അവരെ ചോദ്യം ചെയ്തതായിരുന്നു പിന്നീട് അവരുടെ പ്രശ്‌നം. അതിന് ശേഷം അവര്‍ അവിടെ നിന്നും വേഗത്തില്‍ നടന്നു നീങ്ങുകയും ചെയ്തു. താന്‍ അവരുടെ പിന്നാലെ പോയെങ്കിലും അവര്‍ വേഗത കൂട്ടി ഓടിയെന്നും എങ്കിലും എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് വച്ച് താന്‍ ഇവരെ തടഞ്ഞു നിര്‍ത്തിയെന്നും ശ്യാമ വ്യക്തമാക്കി. തൃശൂരില്‍ നിന്നും റാലിയ്ക്ക് വന്നവരാണ് തങ്ങളെന്ന് അവര്‍ വെളിപ്പെടുത്തിയതായി ശ്യാമ അറിയിച്ചു. ട്രാന്‍സ്ജന്‍ഡര്‍മാരോട് മോശമായി പെരുമാറണമെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് വളരെ മാന്യമായി മാത്രമാണ് അപ്പോഴും താന്‍ ചോദിച്ചത്.

‘ചലോ കേരള’യില്‍ പുന്നപ്ര-വയലാര്‍ വിപ്ലവഗാനങ്ങള്‍ പാടി എബിവിപി പ്രവര്‍ത്തകര്‍

ഞങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. ഞങ്ങളാരും ആരോടും പ്രശ്‌നമുണ്ടാക്കാന്‍ പോയിട്ടില്ല. എന്നിട്ടും അവര്‍ മോശമായി പെരുമാറുകയായിരുന്നു. മാന്യമായി സംസാരിച്ചിട്ടും അവര്‍ അസഭ്യവാക്കുകളാണ് ഉപയോഗിച്ചതെന്നും ശ്യാമ പറയുന്നു. നാളെയും ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്ക് ഇവിടെ സഞ്ചരിക്കണം. ഒരാളുടെയും വസ്ത്രസ്വാതന്ത്ര്യത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലും കൈകടത്താനുള്ള അവകാശം ആര്‍ക്കുമില്ല. അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത് എന്നതിനാലാണ് താന്‍ ഇക്കാര്യം പുറത്തു പറയുന്നതെന്നും ശ്യാമ കൂട്ടിച്ചേര്‍ത്തു. ഈ സമൂഹത്തില്‍ ഒരു പരിധി വരെയെങ്കിലും ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെ അംഗീകരിച്ചിരിക്കുന്നത് ചെറുപ്പക്കാരാണ്. എന്നാല്‍ തങ്ങള്‍ക്ക് നേരെ അധിക്ഷേപം നടത്തിയതും ഇത്തരത്തിലുള്ള ചെറുപ്പക്കാരാണെന്നത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ശ്യാമ പറയുന്നു.

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗക്കാര്‍ക്കിടയില്‍ ഏറ്റവും പ്രമുഖരായ വ്യക്തികള്‍ക്ക് നേരെ തന്നെ ഇത്തരം പ്രവണതകള്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് നേരെ ഇവര്‍ എത്തരത്തിലായിരിക്കും പെരുമാറുകയെന്ന് വ്യക്തമാകുമെന്ന് ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനിടെ പ്രവര്‍ത്തിക്കുന്ന ദിയ സന ഇതേക്കുറിച്ച് പ്രതികരിച്ചു.

‘എ ബി വി പി പ്രവര്‍ത്തകര്‍ക്ക് കേരളത്തിലേക്ക് സ്വാഗതം’-ഇന്ത്യന്‍ റെയില്‍വേ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍