UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷിപ്പ് യാര്‍ഡിലെ പൊട്ടിത്തെറി: കാരണം അസ്റ്റലിന്‍ വാതകം

ജോലി ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അപകടമുണ്ടായതിനാല്‍ പരിശോധന നടന്നോ എന്നതില്‍ സംശയമുണ്ട്‌

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ചൊവ്വാഴ്ചയുണ്ടായ പൊട്ടിത്തെറിയ്ക്ക് കാരണം അസ്റ്റലിന്‍ വാതകമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഗ്യാസ് കട്ടറില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ് പൊട്ടിത്തെറിയ്ക്ക് വഴിവച്ചത്. സംഭവത്തില്‍ കരാര്‍ തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്യും.

ഇന്നലെയാണ് ഫോറന്‍സിക് വിദഗ്ധര്‍ സ്‌ഫോടനമുണ്ടായ കപ്പലില്‍ പരിശോധന നടത്തിയത്. ഫോറന്‍സിക് ജോയിന്റ് ഡയറക്ടര്‍ അജിത്, അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി പി ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം പൊട്ടിത്തെറിയുണ്ടായ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലില്‍ അറ്റകുറ്റപ്പണിയ്ക്ക് മുമ്പ് കൃത്യമായ സുരക്ഷ പരിശോധന നടന്നുവെന്ന കപ്പല്‍ശാല അധികൃതരുടെ വാദത്തില്‍ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു.

ട്യൂബ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കപ്പല്‍ശാലയുടേതല്ലെന്നും കരാര്‍ സ്ഥാപനത്തിന്റേതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ട്യൂബ് സൂക്ഷിച്ചതിലെ അപാകത അപകടത്തിന് കാരണമായിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍. പരിശോധന നടത്തിയതും ജോലിക്ക് അനുമതി കൊടുത്തതും രേഖകളിലുണ്ട്. എന്നാല്‍ ജോലി ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അപകടമുണ്ടായതിനാല്‍ പരിശോധന നടന്നോ എന്നതില്‍ സംശയമുണ്ടെന്നാണ് അന്വേഷണം നടത്തുന്ന ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് പറയുന്നത്.

ഓക്‌സിജനില്‍ മൂന്ന് ശതമാനത്തിലേറെ അസ്റ്റലിന്‍ കലര്‍ന്നാല്‍ പൊട്ടിത്തെറിയ്ക്ക് സാധ്യതയുണ്ട്. അസ്റ്റലിന്‍ കത്തുമ്പോള്‍ വിഷവാതകം ഉല്‍പ്പാദിപ്പിക്കപ്പെടും. തീപ്പൊള്ളലിലാണോ വിഷവാതകം ശ്വസിച്ചാണോ അപകടത്തില്‍ മരണം സംഭവിച്ചതെന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍