UPDATES

സിറോ മലബാര്‍ സഭ വ്യാജരേഖാ കേസ്: പോലീസ് കാല്‍നഖങ്ങള്‍ പിഴുതെടുക്കാന്‍ ശ്രമിച്ചുവെന്ന് ആദിത്യന്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചതിനാണ് ആദിത്യനെ ആലുവ ഡിവൈഎസ്പി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ അറസ്റ്റിലായ ആദിത്യന്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കസ്റ്റഡിയില്‍ വച്ച് തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആദിത്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ കാലിലെ നഖങ്ങള്‍ പിഴുതെടുക്കാന്‍ പോലീസ് ശ്രമിച്ചു. കാല്‍വെള്ളയില്‍ മര്‍ദ്ദിച്ചു. വൈദികര്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായെന്നും ആദിത്യന്‍ അറിയിച്ചു. ഫാ. ടോണി കല്ലൂക്കാരനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുകൊണ്ടായിരുന്നു പീഡനമെന്നും ആദിത്യന്‍ വെളിപ്പെടുത്തുന്നു.

ഈ വിഷയത്തില്‍ അഴിമുഖം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്: ബിഷപ്പുമാര്‍ക്കടക്കം വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുള്ളതിന്റെ വിവരങ്ങളാണ് ‘വ്യാജരേഖ’യിലെന്ന് ആരോപണം; വൈദികനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി പോലീസ് പള്ളിയില്‍; സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചതിനാണ് ആദിത്യനെ ആലുവ ഡിവൈഎസ്പി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഫാ. കല്ലൂക്കാരന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് ആദിത്യന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. തേവരയിലെ ഒരു കടയില്‍ വച്ചാണ് ഗവേഷണ വിദ്യാര്‍ത്ഥി കൂടിയായ ഇയാള്‍ വ്യാജരേഖ തയ്യാറാക്കിയതെന്നാണ് സമ്മതിച്ചത്.

അതേസമയം താന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സര്‍വറില്‍ കണ്ടെത്തിയ രേഖകളാണ് വൈദികര്‍ക്ക് അയച്ചുകൊടുത്തതെന്നായിരുന്നു ആദിത്യന്റെ ആദ്യ മൊഴി. കര്‍ദ്ദിനാളിന് സ്വകാര്യ ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് കാണിക്കുന്ന രേഖകളാണ് ഫാ. പോള്‍ തേലക്കാട്ടിന് ആദിത്യന്‍ പുരോഹിതന്മാര്‍ക്ക് അയച്ചുകൊടുത്തത്. പ്രമുഖ വ്യാപാര കേന്ദ്രത്തില്‍ കര്‍ദ്ദിനാളിനും മറ്റും നിക്ഷേപമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള രേഖകളാണ് ഇയാള്‍ തയ്യാറാക്കിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഭൂമി ഇടപാട് കേസ് അട്ടിമറിക്കാനാണ് പോലീസ് വ്യാജരേഖ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് സിറോ മലബാര്‍ സഭ ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.

Explainer: മാര്‍പാപ്പയെ പോലും വെല്ലുവിളിക്കുന്ന നിഴല്‍ യുദ്ധങ്ങള്‍; വസ്തുകച്ചവടം മുതല്‍ വ്യാജരേഖ വരെ; ഉറ കെട്ടുപോകുമോ സിറോ മലബാര്‍ സഭ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍