വൈരാഗ്യത്തിന് കാരണം എസ്എഫ്ഐയുടെ ധിക്കാരം അനുവദിക്കാത്തത്
യൂണിവേഴ്സിറ്റി കോളേജിനകത്ത് വച്ച് തന്നെ കുത്തിയത് ശിവരഞ്ജിത്ത് ആണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ പോലീസിന് മൊഴി നല്കി. ആശുപത്രിയിലെത്തിയാണ് പോലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. നസീം പിടിച്ചു വച്ചുവെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് അഖില്‍ പോലീസിന് നല്കിയ മൊഴി. പാട്ട് പാടരുതെന്നും ക്ലാസില്‍ പോകണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിക്കാതിരുന്നതാണ് ആക്രമണത്തിന് കാരണം. അച്ഛനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് അഖില്‍ പോലീസിനോടും പറഞ്ഞിട്ടുള്ളത്. എസ്എഫ്ഐയുടെ ധിക്കാരം അംഗീകരിക്കാത്തതിലുള്ള വിരോധമാണെന്നും അഖില്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും ഇതനുസരിച്ച് അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു. കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് അഖില്‍ നിര്‍ണായക മൊഴി നല്‍കിയതോടെ തെളിവെടുപ്പും കൂടുതല്‍ ചോദ്യം ചെയ്യലും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
അഖിലിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഹൃദയത്തിന്റെ വലത്തേ അറയില്‍ 2.5 മീറ്റര്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മരണകാരണമാകാവുന്ന മുറിവായിരുന്നു ഇത്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനാലാണ് ജീവന് രക്ഷിക്കാനായത്. ഒന്നരലിറ്റര്‍ രക്തം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതിനിടെ അഖിലിനെ ഉള്‍പ്പെടുത്തി യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. 25 അംഗ കമ്മിറ്റിയാണ് ഇന്ന് രൂപീകരിച്ചത്.