UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി മുക്ത ഭാരതത്തിനായി എല്ലാ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണം: രാജ് താക്കറെ

രാമ ക്ഷേത്രത്തിന്റെ പേരില്‍ രാജ്യത്ത് ഹിന്ദു-മുസ്ലിം കലാപം സൃഷ്ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്

മോദി മുക്ത ഭാരതം യാഥാര്‍ത്ഥ്യമാക്കാനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രസിഡന്റ് രാജ് താക്കറെ ആവശ്യപ്പെട്ടു. ഞായറാഴ്ച മഹാരാഷ്ട്രക്കാരുടെ പുതുവര്‍ഷമായി കണക്കാക്കുന്ന ഗുദി പദ്‌വയോടനുബന്ധിച്ച് ശിവാജി പാര്‍ക്കില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി വിരുദ്ധത എന്ന പൊതുലക്ഷ്യത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നില്‍ക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും വികസനത്തിന് അത് അത്യാവശ്യമാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും തകര്‍ന്നു പോയ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് താക്കറെയുടെ പ്രസംഗം.

മൂന്നാം സ്വാതന്ത്ര്യസമരത്തിനുള്ള സമയമാണ് ഇത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മോദി മുക്ത ഭാരതത്തിനായി ഒന്നിച്ചു നില്‍ക്കണം. രാഷ്ട്രീയപരമായി വണ്‍മാന്‍ ഷോ നടത്തുന്ന ബിജെപി സര്‍ക്കാര്‍ രാമ ക്ഷേത്രത്തിന്റെ പേരില്‍ രാജ്യത്ത് ഹിന്ദു-മുസ്ലിം കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കലാപത്തിന് വലിയ തോതിലുള്ള പദ്ധതികള്‍ നടക്കുന്നതായി തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കണമെന്ന് തന്നെയാണ് തന്റെയും ആഗ്രഹം. അതേസമയം അതിന്റെ പേരില്‍ വര്‍ഗ്ഗീയ കലാപം ആസൂത്രണം ചെയ്യുന്നതിനെ അംഗീകരിക്കാനാകില്ല. അര്‍ദ്ധസഹോദരനായ ഉദ്ദവ് താക്കറെയെക്കുറിച്ചും അദ്ദേഹം നേതൃത്വം നല്‍കുന്ന ശിവസേനയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് രാജ്താക്കറെ മൗനം പാലിച്ചു. അതോടൊപ്പം കോണ്‍ഗ്രസിനെയോ എന്‍സിപിയെയോ കാര്യമായി വിമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

എല്ലാ രാഷ്ട്രത്തലവന്മാരും അഹമ്മദാബാദിലേക്കും ഗുജറാത്തിലേക്കും മാത്രം പോകുന്നതെന്തുകൊണ്ടാണ്. ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ സ്വന്തം സംസ്ഥാനമായ ഗുജറാത്തിന്റെ പ്രചരണം മാത്രമാണ് അദ്ദേഹം നടത്തുന്നത്. വിദേശ പദ്ധതികളൊന്നും കൊല്‍ക്കത്തയിലോ ചെന്നൈയിലോ മുംബൈയിലോ നടപ്പാകാത്തതെന്താണ്? വികസനം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പരാജയമാണ്. അഴിമതിയാണ് അവര്‍ ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ചത്. 11000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയ്ക്ക് അതിനാലാണ് ഇന്ത്യ വിടാന്‍ സാധിച്ചത്.

റഫേല്‍ വിമാന കരാറില്‍ ഒരു വിമാനത്തിന് 600-700 കോടി രൂപ കമ്മിഷന്‍ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള കരാര്‍ ഒപ്പിടുമ്പോള്‍ അനില്‍ അംബാനിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നത് സത്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും വായടപ്പിക്കുന്ന അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍