UPDATES

പ്രാദേശിക ഭാഷകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അമിത് ഷാ

ചിലര്‍ ഇതില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ ആരോപിക്കുന്നു.

പ്രാദേശിക ഭാഷകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാതൃഭാഷയോടൊപ്പം ഹിന്ദി രണ്ടാം ഭാഷയാക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അമിത് ഷാ വിശദീകരിച്ചു. രാജ്യത്ത് എല്ലായിടത്തും അതതിടങ്ങളിലെ മാതൃഭാഷയ്ക്ക് പുറമെ രണ്ടാം ഭാഷയായി ഹിന്ദി തന്നെ പഠിപ്പിക്കണമെന്ന് അമിത് ഷാ പറഞ്ഞു. റാഞ്ചിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഹിന്ദി ഭാഷാ പത്രമായ ഹിന്ദുസ്ഥാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ ഇതില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ ആരോപിക്കുന്നു.

താനും ഹിന്ദി ഇതര സംസ്ഥാനമായ ഗുജറാത്തില്‍ നിന്നാണ് വരുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഹിന്ദി ദിവസില്‍ ‘ഒരു രാജ്യം, ഒരു ഭാഷ’ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് അമിത് ഷായുടെ വിശദീകരണം. രാജ്യത്ത് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാന്‍ സാധിക്കുമെന്നാണ് ദേശീയ ഹിന്ദി ദിനാചരണ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് അമിത് ഷാ പറഞ്ഞത്. പിന്നീട് ‘ഒരു രാജ്യം, ഒരു ഭാഷ’ ആശയം അദ്ദേഹം ട്വിറ്ററിലും കുറിച്ചു.

‘ഹിന്ദി വ്യാപിപ്പിക്കേണ്ടതും, പുരോഗതി കൈവരിക്കേണ്ടതും ദേശീയ ഉത്തരവാദിത്തമാണ്. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ഒരു ഭാഷ രാജ്യത്തിന്റെ അടയാളമായി മാറേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ ഒറ്റ നൂലില്‍ കോര്‍ക്കാന്‍ ഏതെങ്കിലും ഭാഷയ്ക്ക് സാധിക്കുമെങ്കില്‍ അത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിക്ക് മാത്രമാണ്,’ എന്നായിരുന്നു ഹിന്ദി ദിവസ് ആചരണത്തിനിടെ അമിത് ഷാ പറഞ്ഞത്.

ഇതിനെതിരെ ഹിന്ദി ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. ബിജെപിയുടെ സഖ്യകക്ഷികളും ഇതിനെതിരെ രംഗത്തെത്തി. കര്‍ണാടകയില്‍ കന്നഡ സംഘടനകള്‍ വന്‍ പ്രതിഷേധം തന്നെ നടത്തി. മുന്‍മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്ഡി കുമാരസ്വാമി തുടങ്ങിയ നേതാക്കള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. കന്നഡയാണ് മുഖ്യമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി യെഡിയൂരപ്പയും പറഞ്ഞു. ഹിന്ദ്യ അല്ല, ഇന്ത്യയാണ് ഇതെന്നായിരുന്നു ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ പ്രതികരണം. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ബിജെപിയുടെ സഖ്യകക്ഷികളായ അണ്ണാ ഡിഎംകെ, പിഎംകെ എന്നിവയും പ്രഖ്യാപിച്ചു.

എത്ര ഭാഷകള്‍ പഠിച്ചാലും മാതൃഭാഷയെ മറക്കരുതെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. അമിത് ഷായുടെ നിര്‍ദ്ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും രംഗത്തെത്തി. സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയപ്പെടുന്നുണ്ടെന്ന് സംഘപരിവാര്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

also read:ഇ- സിഗരറ്റുകള്‍ക്ക് നിരോധനം; നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍