UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യുവിന്റെ കൊലപാതകം: ഓട്ടോ ഡ്രൈവറുടെ നിര്‍ണായക മൊഴി, പ്രതികളില്‍ ഒരാള്‍ക്ക് ഷര്‍ട്ടില്ല

അവര്‍ തോപ്പുംപടിയില്‍ താമസമായിരുന്നെന്നാണ് സംസാരത്തില്‍ നിന്നും ലഭിച്ച സൂചനയെന്നും പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഓട്ടോ ഡ്രൈവര്‍

എറണാകുളം മഹാരാജസ് കോളേജില്‍ കുത്തേറ്റ് കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കൊച്ചി നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കൊലപാതക സംഘം രക്ഷപ്പെട്ട വാഹനമോടിച്ചത് ഇദ്ദേഹമാണ്.

പുലര്‍ച്ചെ ഒരു മണിയോടെ ജോസ് ജംഗ്ഷനില്‍ ഓടിയെത്തിയ സംഘം തോപ്പുംപടിയിലാണ് ഇറങ്ങിയത്. സംഘത്തില്‍ നാല് പേരുണ്ടായിരുന്നു. ഒരാള്‍ ഷര്‍ട്ട് ധരിച്ചിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. ലോകകപ്പ് ഫുട്‌ബോളിനിടെയുണ്ടായ സംഘര്‍ഷം വല്ലതുമാകാം കാരണമെന്നാണ് താന്‍ കരുതിയതെന്നും ഇദ്ദേഹം പറയുന്നു. എല്ലാവര്‍ക്കും പ്രായം 25ല്‍ താഴെയാണ്. അവര്‍ തോപ്പുംപടിയില്‍ താമസമായിരുന്നെന്നാണ് സംസാരത്തില്‍ നിന്നും ലഭിച്ച സൂചനയെന്നും പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഓട്ടോ ഡ്രൈവര്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

കേസില്‍ പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി ഇന്നലെ അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി കല്ലറയ്ക്കല്‍ പറമ്പില്‍ നവാസ്(40), ചുള്ളിക്കല്‍ സ്വദേശി ജഫ്രി(20) എന്നിവരാണ് അറസ്റ്റിലായത്. അഭിമന്യു കൊലക്കേസില്‍ ഇതുവരെ ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലിലായവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ റിമാന്‍ഡ് ചെയ്തിരുന്നു.

അഭിമന്യു കൊല്ലപ്പെട്ട ദിവസം അഭിമന്യുവിനെ ഫോണില്‍ വിളിച്ചു കൊണ്ടിരുന്നത് കേസിലെ ഒന്നാം പ്രതി മുഹമ്മദാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിന് അഭിമന്യുവിനെ ചൂണ്ടിക്കാണിച്ച് കൊടുത്തത് മഹാരാജസിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണെന്നും അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍