UPDATES

ട്രെന്‍ഡിങ്ങ്

പുരലഹരിയിൽ തൃശ്ശൂർ; പൂരവിളംബരത്തില്‍ താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇക്കുറി ചടങ്ങിനിറക്കുന്നത്‌

ആശങ്കകള്‍ക്കൊടുവില്‍തെച്ചിക്കോട് രാമചന്ദ്രന്‍ തൃശൂര്‍ പൂരം വിളംബരം ചെയ്തു. തെക്കേഗോപുര നടയിലെ നെയ്ത്തലക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ നട രാമചന്ദ്രന്‍ തള്ളിത്തുറന്നതോടെയാണ് തൃശൂര്‍ പൂരം വിളംബരം ചെയ്യപ്പെട്ടത്. അതേസമയം രാമചന്ദ്രന്‍ പോയവഴിയെല്ലാം പോലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കനത്ത സുരക്ഷയൊരുക്കിയ തെക്കേ ഗോപുര നടയില്‍ പോലും ജനക്കൂട്ടം തള്ളിക്കയറി. എന്നാല്‍ പതിവ് പോലെ ആള്‍ക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് രാമചന്ദ്രന്‍ തെക്കേഗോപുര നടയിലൂടെ തന്നെ തിരികെ പോയി.

നിലവില്‍ തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ക്ക് തടിച്ചുകൂടുന്നതിന് സമാനമായ ആള്‍ക്കൂട്ടമാണ് ഇവിടെയെത്തിച്ചേര്‍ന്നിരിക്കുന്നത്. തെക്കേഗോപുര നടയില്‍ മാത്രമാണ് സുരക്ഷ ഒരുക്കിയത്. എന്നാല്‍ മറ്റ് ഭാഗങ്ങളില്‍ നിന്നും ആളുകള്‍ തള്ളിക്കയറുന്ന കാഴ്ചയാണ് കണ്ടത്. പലയിടത്തും പോലീസുകാരും ആള്‍ക്കൂട്ടവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നാമമാത്ര ചടങ്ങുകള്‍ മാത്രമുള്ള പൂര വിളംബരത്തിന് ആള്‍ക്കൂട്ടം തടിച്ചുകൂടിയത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാമചന്ദ്രനെ കാണാനാണ്. ആള്‍ക്കൂട്ടത്തിന്റെ ബഹളം കേട്ടാല്‍ പോലും അക്രമാസക്തനായേക്കാവുന്ന വിധത്തില്‍ കേള്‍വി പ്രശ്‌നം രാമചന്ദ്രനുണ്ട്. അതിനാല്‍ ഇത്തവണ ഈ ആനയെ തൃശൂര്‍ പൂരത്തിനിറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കളക്ടറുടെ ഉത്തരവ്.

വലിയ തോതില്‍ പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ കര്‍ശന ഉപാധികളോടെയാണ് കളക്ടര്‍ ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. ആനയെ ലോറിയില്‍ വടക്കുംനാഥ ക്ഷേത്രപരിസരത്ത് കൊണ്ടുവരികയും ചടങ്ങ് പൂര്‍ത്തിയായാല്‍ ഉടന്‍ തിരികെ കൊണ്ടുവരികയും ചെയ്യണം. പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് കെട്ടിത്തിരിച്ചാണ് ആളുകളെ നിയന്ത്രിക്കേണ്ടത്.

ആളുകളെ കൊലപ്പെടുത്തിയ ചരിത്രവും ആരോഗ്യപ്രശ്‌നങ്ങളുമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് ഇറക്കാന്‍ അനുവദിക്കില്ലെന്ന തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ ഉത്തരവിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണുണ്ടായത്. ആനപ്രേമികളുടെ പ്രതിഷേധത്തിന് രാഷ്ട്രീയ സ്വഭാവം കൂടി കൈവന്നതോടെ കേസ് ഹൈക്കോടതിയിലെത്തുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടില്ലെന്നാണ് കോടതി നിലപാട് സ്വീകരിച്ചത്. അതോടെ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം കളക്ടര്‍ക്ക് തന്നെയായി. ആനയുടെ ആരോഗ്യക്ഷമത അനുകൂലമാണെങ്കില്‍ അനുമതി നല്‍കാമെന്നാണ് കളക്ടര്‍ അറിയിക്കുകയും ചെയ്തു.

ചെവിയ്ക്ക് കേള്‍വി തകരാറുണ്ടെന്നും ഇതുമൂലം വലിയ ശബ്ദം കേള്‍ക്കുന്നതോടെ വിരണ്ടോടാന്‍ സാധ്യതയുള്ള ആന ജനജീവന് ഭീഷണിയുണ്ടാക്കിയേക്കുമെന്ന ഡോക്ടര്‍മാരുടെ മുന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വൈദ്യപരിശോധനയില്‍ ആനയ്ക്ക് കുഴപ്പമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. അതോടെയാണ് കളക്ടര്‍ ഉപാധികളോടെ വാതില്‍ തുറക്കുന്ന ചടങ്ങിന് അനുമതി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍