UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാര്‍ ഇല്ലാത്തവര്‍ സര്‍ക്കാരിനെ സംബന്ധിച്ച് ജീവിച്ചിരിപ്പില്ലാത്തവര്‍ ആണോ? സുപ്രിംകോടതി

ഉത്തര്‍പ്രദേശില്‍ രാത്രി സത്രങ്ങളില്‍ തങ്ങാന്‍ അനുവദിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് വേണമെന്ന നിയമത്തെ സുപ്രിംകോടതി അതൃപ്തിയോടെയാണ് നിരീക്ഷിച്ചത്

രാത്രി സത്രങ്ങളില്‍ മുറിയെടുക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് കാണിക്കണമെന്ന് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. എന്നാല്‍ ഈ ഉത്തരവിനെ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചു. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ സര്‍ക്കാരിനെ സംബന്ധിച്ച് ജീവിച്ചിരിപ്പില്ലാത്തവര്‍ ആണോയെന്നാണ് സുപ്രിംകോടതി ചോദിച്ചത്.

ജസ്റ്റിസ് മദന്‍ ബി ലൊകുര്‍ അധ്യക്ഷനായ ബഞ്ചാണ് രാത്രി സത്രങ്ങളില്‍ മുറി അനുവദിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് വേണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയാണ് കോടതി ഇക്കാര്യം ചോദിച്ചത്. രാത്രി സത്രങ്ങളില്‍ മുറി അനുവദിക്കണമെങ്കില്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കണമെന്നും ആധാര്‍ കാര്‍ഡ് കാണിക്കാനാണ് പലയിടങ്ങളിലും ആവശ്യപ്പെടുന്നതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ ആധാറില്ലാത്തവര്‍ എന്ത് ചെയ്യും, അവര്‍ ജീവിച്ചിരിപ്പില്ലെന്നാണോ ഇന്ത്യന്‍ സര്‍ക്കാര്‍ കരുതുന്നത് എന്നായിരുന്നു അദ്ദേഹത്തോടും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മിശ്രയോടുമുള്ള കോടതിയുടെ ചോദ്യം.

അതേസമയം താന്‍ യുഐഡിഎഐയ്ക്ക് വേണ്ടിയല്ല ഹാജരായിരിക്കുന്നതെന്നും ഏതാനും സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയാണെന്നും അതിനാല്‍ ആധാറിനെക്കുറിച്ച് സംസാരിക്കേണ്ടത് താനല്ലെന്നും മിശ്ര പറഞ്ഞു. അതേസമയം ചീഫ് സെക്രട്ടറിയ്‌ക്കോ കോടതിയില്‍ ഹാജരുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കോ എത്രപേര്‍ ആധാര്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമായ ഉത്തരം പറയാന്‍ സാധിച്ചില്ല.

ഒടുവില്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആണ് കേന്ദ്രസര്‍ക്കാര്‍ കണക്ക് അനുസരിച്ച് 90 കോടി ആളുകള്‍ ആധാര്‍ എടുത്തിട്ടുണ്ടെന്ന് അറിയിച്ചത്. എന്നാല്‍ ഈ തണുപ്പുകാലത്ത് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടവരോ അല്ലാതെ മറ്റേതെങ്കിലും ആവശ്യം മൂലമോ രാത്രി തങ്ങാന്‍ ഇടം തേടുന്ന ആധാറില്ലാത്തവര്‍ എന്തുചെയ്യുമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ആധാര്‍ കാര്‍ഡില്ലാത്തവര്‍ മേല്‍വിലാസമില്ലാത്തവരായിരിക്കില്ലേയെന്നും അവര്‍ക്കല്ലേ രാത്രി സത്രങ്ങളുടെ ആവശ്യമുള്ളതെന്നും കോടതി ചോദിച്ചു.

തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്ക് രാത്രി തങ്ങാന്‍ ഇടമില്ലെന്ന സാഹചര്യത്തെ കോടതി അതൃപ്തിയോടെയാണ് നിരീക്ഷിച്ചത്. പൊതുസത്രങ്ങളുടെ അപര്യാപ്തതയും അവയുടെ നിര്‍മ്മാണ ഫണ്ടിന്റെ ദുരുപയോഗത്തെയും കുറിച്ചുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍