UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂട്ടുകാര്‍ സെല്‍ഫിയെടുക്കുന്ന തിരക്കിനിടയില്‍: കുളത്തില്‍ മുങ്ങി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

പഞ്ചായത്ത് അധികൃതര്‍ ഇവിടെ സ്ഥാപിച്ചിരുന്ന അപായ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കുളത്തിലിറങ്ങിയത്

കൂട്ടുകാര്‍ സെല്‍ഫിയെടുക്കുന്നതിനിടെയില്‍ കുളത്തില്‍ മുങ്ങിത്താഴുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. ഇന്നലെ ബംഗളൂരുവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ രാമനഗര ജില്ലയിലെ കനകപുരയിലാണ് സംഭവം. ഇവിടുത്തെ രാമഗൊണ്ട്‌ലു ബേട്ട എന്ന പ്രദേശത്തെ ഒരു കുളത്തിലാണ് അപകടമുണ്ടായത്. ജയന്ത്‌നഗര്‍ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിയായ വിശ്വാസ് ആണ് മരിച്ചത്.

എന്‍സിസിയുടെ ഭാഗമായുള്ള മലകയറ്റത്തിനായാണ് 25 വിദ്യാര്‍ത്ഥികളുടെ സംഘം ഇവിടെയെത്തിയത്. ഹനുമന്ത നഗര്‍ സ്വദേശിയായ വിശ്വാസ് ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകനാണ്. അഞ്ച് മുതിര്‍ന്ന എന്‍സിസി കേഡറ്റുകളുടെ നേതൃത്വത്തിലാണ് സംഘം ഇവിടെയെത്തിയത്. കുളത്തില്‍ കുളിക്കുന്നതിനിടെ സെല്‍ഫിയെടുത്ത ഇവര്‍ ഏറ്റവും പിന്നിലായിരുന്ന വിശ്വാസ് മുങ്ങിത്താഴുന്നത് ശ്രദ്ധിച്ചില്ല. കൂട്ടുകാരെല്ലാം സെല്‍ഫിയ്ക്കായി മൊബൈലിലേക്ക് ശ്രദ്ധിച്ചപ്പോഴാണ് വിശ്വാസ് കുളത്തില്‍ മുങ്ങിപ്പോയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ രാമഗൊണ്ട്‌ലു ബേട്ടയില്‍ എത്തിയ ഇവര്‍ കുളത്തില്‍ നീന്താന്‍ പോകുകയായിരുന്നു. അതേസമയം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഇവിടെ സ്ഥാപിച്ചിരുന്ന അപായ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കുളത്തിലിറങ്ങിയത്. കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്നതിനിടെ വിശ്വാസ് കാല്‍ തെന്നി ആഴത്തിലേക്ക് വീഴുകയായിരുന്നുവെന്ന് രാമനഗര പോലീസ് സൂപ്രണ്ട് രമേശ് ബനോത്ത് അറിയിച്ചു. അതേസമയം കൂട്ടത്തിലുള്ളവരാരും കുളത്തില്‍ നിന്നും തിരികെ കയറുന്നത് വരെയും ഈ വിവരം അറിഞ്ഞിരുന്നില്ല. വിശ്വാസിനെ കാണിനില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തെരച്ചില്‍ നടത്തിയത്. ഏകദേശം 3.30ഓടെ വിശ്വാസിന്റെ മൃതദേഹം കണ്ടെത്തുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു.

അതേസമയം വിശ്വാസിന്റെ മരണത്തില്‍ കോളേജ് അധികൃതരാണ് കുറ്റക്കാരെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കോളേജ് മാനേജ്‌മെന്റിന്റെ അശ്രദ്ധയ്‌ക്കെതിരെ വിശ്വാസിന്റെ പിതാവ് പരാതി നല്‍കിയിരിക്കുകയാണ്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം കൂട്ടുകാരന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെ ഇനിയും ചോദ്യം ചെയ്തിട്ടില്ല.

വിശ്വാസിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് ബന്ധുക്കള്‍ കോളേജിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. കോളേജ് സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിലാണ് വിശ്വാസ് അന്ന് പങ്കെടുത്തതെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ അത്തരത്തിലൊരു ക്യാമ്പ് തങ്ങള്‍ സംഘടിപ്പിച്ചിട്ടില്ലെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കോളേജ് മാനേജ്‌മെന്റ് സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പോയെന്ന് പറയുന്ന അധ്യാപകരും ഇത് നിഷേധിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍