UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഭയിലെ കയ്യാങ്കളി: കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യാര്‍ത്ഥമെന്ന് മുഖ്യമന്ത്രി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015ലെ ബജറ്റ് അവതരണ ദിവസം എല്‍ഡിഎഫ് എംഎല്‍എമാര്‍ സഭയില്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് അവസാനിപ്പിക്കുന്നത് പൊതു താല്‍പര്യം പരിഗണിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. സഭയ്ക്കകത്ത് നടക്കുന്ന കാര്യങ്ങളില്‍ സഭയുടെ കൂടിയാലോചന വേണം. നിയമസഭ സെക്രട്ടറിയുടെ ആധികാരികതയില്ലാതെ പക്ഷപാതപരമായി പെരുമാറിയ കേസാണ് ഇതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015ലെ ബജറ്റ് അവതരണ ദിവസം എല്‍ഡിഎഫ് എംഎല്‍എമാര്‍ സഭയില്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍. കേസ് പിന്‍വലിക്കാന്‍ ഉത്തരവിറക്കിയ ശേഷം കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിരുന്നു.

സ്പീക്കറുടെ വേദി തകര്‍ക്കുകയും കസേര തള്ളി വലിച്ചെറഞ്ഞുമാണ് അന്ന് പ്രതിപക്ഷത്തിരുന്ന എല്‍ഡിഎഫ് എംഎല്‍എമാര്‍ കേരള നിയമസഭയ്ക്കാകെ ചീത്തപ്പേരുണ്ടാക്കിയത്. കേസിലെ പ്രതിയായ വി ശിവന്‍കുട്ടി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ കഴിഞ്ഞമാസം ഒമ്പതിന് ഉത്തരവിറക്കിയത്.

ബാര്‍ കോഴ കേസിന്റെ മറവില്‍ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദ്ദേശിക്കണമെന്ന് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2017 ഏപ്രില്‍ 19നാണ് കേസ് പിന്‍വലിക്കണമെന്ന് ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍