UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയ്യപ്പ ജ്യോതിക്ക് നേരെ കണ്ണൂരില്‍ നടന്ന ആക്രണം: സംസ്ഥാനമൊട്ടാകെ പ്രതിഷേധദിനം ആചരിച്ച് കര്‍മ്മ സമിതി

പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ 31 പേരെ പരിക്കുകളുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത ഭക്തന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് അയ്യപ്പ കര്‍മ സമിതി പ്രഖ്യാപിച്ച പ്രതിഷേധ ദിനം നടക്കുകയാണ്. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എസ്‌ജെആര്‍ കുമാര്‍ അറിയിച്ചു.

310 സ്ഥലങ്ങളിലായി പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളിലാണ് ഇന്നലെ അയ്യപ്പ ജ്യോതി തെളിഞ്ഞത്. കേരളത്തിന് പുറത്ത് 11 സംസ്ഥാനങ്ങളിലും അയ്യപ്പ ജ്യോതി തെളിച്ചു. അതേസമയം അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരെ ചിലയിടങ്ങളില്‍ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

പയ്യന്നൂരിന് അടുത്ത് പെരുമ്പ, കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവ്, കരിവള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് വ്യാപകമായ ആക്രമണമുണ്ടായത്. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ 31 പേരെ പരിക്കുകളുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60 പേര്‍ക്ക് പലതരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെന്നും എസ് ജെ ആര്‍ കുമാര്‍ പറയുന്നു. കരിവള്ളൂരും പയ്യന്നൂര്‍ കണ്ടോത്തും അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഈ വാഹനങ്ങളിലെത്തിയവര്‍ അയ്യപ്പ ജ്യോതി തെളിക്കുന്നതും ഒരു സംഘം തടഞ്ഞു.

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ശബരിമല കര്‍മ സമിതിയുടെ ആരോപണം. പാര്‍ട്ടി ഗ്രാമങ്ങളിലെ ഭക്തര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചതെന്ന് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കരി പറഞ്ഞു.

പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കുണ്ടായിരുന്നെങ്കിലും പലയിടങ്ങളിലും അയ്യപ്പ ജ്യോതിയിലെ പങ്കാളിത്തം വിരലിലെണ്ണാവുന്നതായിരുന്നു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍