UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ബൂട്ടിയ; സിക്കിമിനായി പ്രവര്‍ത്തിക്കും

24 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന സിക്കിം ഡെമോക്രാറ്റിക്ക് ഫ്രണ്ടിന്റെ ഭരണം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബൂട്ടിയ

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതാഹാസവും ദേശീയ ടീം മുന്‍ ക്യാപ്റ്റനുമായ ബൈച്ചുങ് ബൂട്ടിയ ബംഗാളില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഹമാരോ സിക്കിം പാര്‍ട്ടി എന്നപേരിലാണ് ബൂട്ടിയ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാനൊരുങ്ങുന്നത്. ബംഗാള്‍ വിട്ട് സിക്കിമിലായിരിക്കും ബൂട്ടിയ തന്റെ പുതിയ പാര്‍ട്ടിക്ക് കളിത്തട്ടൊരുക്കുക. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ബൂട്ടിയ രണ്ടുമാസങ്ങള്‍ക്ക് മുമ്പായിരുന്നു പാര്‍ട്ടി വിട്ടത്.

24 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന സിക്കിം ഡെമോക്രാറ്റിക്ക് ഫ്രണ്ടിന്റെ ഭരണം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബൂട്ടിയ വ്യക്തമാക്കി. പൂതിയ പാര്‍ട്ടി പ്രഖ്യാപനത്തോടെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയാണ് ബൂട്ടിയ. പാര്‍ട്ടിയുടെ പ്രസിഡന്റായോ, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായോ അല്ല താന്‍ ഇവിടെ ഇരിക്കുന്നത്. എന്നാല്‍ എന്റെ പാര്‍ട്ടി അതാഗ്രഹിക്കുന്നെങ്കില്‍ താന്‍ അതിന് തയ്യാറാവുമെന്നും അദ്ദേഹം പ്രതികരിച്ചു.

താന്‍ ബംഗാളിനുവേണ്ടിയായിരുന്നു കളിച്ചത്. രാഷ്ട്രീയവും അവിടെയാണ് ആരംഭിച്ചത് എന്നാല്‍ അവിടെയെല്ലാം എനിക്ക് പുറമെക്കാരന്റെ സ്ഥാനമായിരുന്നു ലഭിച്ചത്. പാര്‍ട്ടി ഒരു സെലിബ്രിറ്റിയായാണ് തന്നെ പരിഗണിച്ചത്. അതുകൊണ്ടു തന്നെ തനിക്ക് തൃണമൂല്‍ കോണ്‍ഗ്രസിനോട് പ്രതിബദ്ധത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തനിക്കതുണ്ടെന്നും താന്‍ മണ്ണിന്റെ മകനാണെന്നും ബൂട്ടിയ കൂട്ടിച്ചേര്‍ത്തു.

104 ദിവസം നീണ്ടുനിന്ന ഡാര്‍ജിലിങ് പ്രക്ഷോഭത്തോടെയാണ് ബൂട്ടിയയും പാര്‍ട്ടിയും തമ്മില്‍ കൊമ്പുകോര്‍ത്തത്. ബംഗാളില്‍ നടന്ന ഗൂര്‍ഖാലാന്റ് പ്രക്ഷോഭത്തിന് ബൂട്ടിയ പിന്തുണ പ്രഖ്യാപിച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ഭിന്നത രൂപപ്പെട്ടിരുന്നു. പാര്‍ട്ടി നിലപാടിനെ മറികടന്നായിരുന്നു സിക്കിമില്‍ നിന്നുള്ള താരം ഗൂര്‍ഖാലാന്‍ഡിനെ പിന്തുണച്ചത്.

ഒരു ദശാബദക്കാലത്തോളം ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്ത് നിറഞ്ഞു നിന്ന ബൂട്ടിയ വിദേശക്ലബുകളിലടക്കം കളിച്ച് ശ്രദ്ധപിടിച്ചു പറ്റിയ വ്യക്തിയാണ്. കളിയില്‍ നിന്നും വിരമിച്ചശേഷം 2013ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയത്തിലിറങ്ങിയ ബൂട്ടിയ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഡാര്‍ജിലിങ്ങ് മണ്ഡലത്തില്‍ ജനവിധി തേടിയെങ്കിലും കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയയോട് രണ്ട ലക്ഷത്തോളം വോട്ടിന് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം അപ്രതീക്ഷിതമായാണ് പാര്‍ട്ടി വിടുകയും ഇപ്പോള്‍ സിക്കിം കേന്ദ്രീകരിച്ച് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍