UPDATES

ഐപിഎല്‍ കോഴ: ശ്രീശാന്തിന്റെ വിലക്ക് നീക്കിയ വിധി ഹൈക്കോടതി റദ്ദാക്കി

അടുത്ത സീസണ്‍ മുതലെങ്കിലും ടീമില്‍ മടങ്ങിയെത്താമെന്ന ശ്രീശാന്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു

ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ബിസിസിഐ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ ഹൈക്കോടതി വിധി റദ്ദാക്കി. സിംഗിള്‍ ബഞ്ചിന്റെ വിധി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് റദ്ദാക്കിയത്. ബിസിസിഐയുടെ അപ്പീല്‍ അനുവദിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്. ഇതോടെ അടുത്ത സീസണ്‍ മുതലെങ്കിലും ടീമില്‍ മടങ്ങിയെത്താമെന്ന ശ്രീശാന്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിയ്ക്ക് സാധ്യമല്ലെന്നായിരുന്നു അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിന് ആധാരമായ കാരണം ഇല്ലാതായാല്‍ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കി ഓഗസ്റ്റ് ഏഴിനാണ് സിംഗിള്‍ ബഞ്ച് ശ്രീശാന്തിന്റെ വിലക്ക് നീക്കം ചെയ്തത്. ഇതിനെതിരെയാണ് ബിസിസിഐ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. ബിസിസിഐയുടെ അധികാരപരിധിയില്‍ ഹൈക്കോടതി ഇടപെടുന്നില്ലെന്ന് ഡിവിഷന്‍ ബഞ്ച് വയ്ക്കമാക്കി. വാതുവയ്പ്പുമായി ഫോണ്‍വിളിയെക്കുറിച്ച് തൃപ്തികരമായ മറുപടിയല്ല ലഭിച്ചിരിക്കുന്നതെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ശബ്ദം തന്റേതല്ലെന്ന് ശ്രീശാന്ത് വാദിച്ചിട്ടില്ലെന്നും ഇയാള്‍ കുറ്റക്കാരനല്ലെന്ന് സിംഗിള്‍ ബഞ്ച് കണ്ടെത്തിയിട്ടില്ലെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ കൊടുങ്കാറ്റായി മാറിയ ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് 2013 മെയിലാണ് ഡല്‍ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം ക്രിക്കറ്റ് താരങ്ങളായ അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് മൂവര്‍ക്കും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. പിന്നീട് പാട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെയാണ് താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടായത്.

എന്നാല്‍ വിലക്ക് നീക്കാനാകില്ലെന്ന് കടുംപിടിത്തം തിരിച്ചുവരവിന് തടസമായതോടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ബിസിസിഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.

അതേസമയം കോഴ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകള്‍ അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ ഒരുങ്ങുമ്പോള്‍ തനിക്ക് മാത്രമെന്താണ് രണ്ട് നീതിയെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും ശ്രീശാന്ത് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍