UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിസിസിഐയ്ക്ക് തിരിച്ചടി: കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി നല്‍കണമെന്ന് സുപ്രിംകോടതി

2015ല്‍ 300 കോടി രൂപ നല്‍കി അവസാനിപ്പിക്കാമായിരുന്ന കേസാണ് ഇപ്പോള്‍ ബിസിസിഐയുടെ പിടിപ്പുകേട് 550 കോടിയില്‍ എത്തിച്ചത്‌

ഐപിഎല്ലില്‍ നിന്നും വിലക്കിയ ഫ്രാഞ്ചെയ്‌സിയായ കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി ബിസിസിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. 2011ലാണ് കൊച്ചി ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ നിന്നും വിലക്കിയത്. 18 ശതമാനം വാര്‍ഷിക പിഴ ഉള്‍പ്പെടെയാണ് ഇത്രവലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം നഷ്ടപരിഹാരമായി കൊച്ചി ടസ്‌കേഴ്‌സ് ആവശ്യപ്പെട്ടത് 850 കോടി രൂപയാണ്. കരാര്‍ ലംഘനം നടത്തിയെന്ന പേരില്‍ തങ്ങളെ പുറത്താക്കിയ ബിസിസിഐയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ 2015ല്‍ കൊച്ചി ടസ്‌കേഴ്‌സ് വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണിലും ഫ്രാഞ്ചെയ്‌സിയെ തിരിച്ചെടുക്കാനോ നഷ്ടപരിഹാരം നല്‍കാനോ ബിസിസിഐ തയ്യാറായില്ല. ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊച്ചി ടസ്‌കേഴ്‌സിനെ പുറത്താക്കാനെടുത്ത തീരുമാനത്തിന് ഭൂരിഭാഗം അംഗങ്ങളും എതിരായിരുന്നു.

ഇത് ഒരു വ്യക്തിയുടെ മാത്രം വാശിയില്‍ സംഭവിച്ചതാണ്. അതിനാണ് ഇപ്പോള്‍ ഇത്ര വലിയ വില കൊടുക്കേണ്ടി വരുന്നത്. ശശാങ്ക് ഒരിക്കലും അത്തരമൊരു തീരുമാനമെടുക്കരുതായിരുന്നു- ഒരു ഐപിഎല്‍ ജിസി അംഗം പിടിഐയോട് രോഷത്തോടെ പ്രതികരിച്ചു. കൊച്ചി ടസ്‌കേഴ്‌സ് ആര്‍ബിട്രേഷനിലൂടെ 2015ല്‍ നേടിയ അനുകൂല വിധിയോടെ തന്നെ നഷ്ടപരിഹാരം കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ സുപ്രിംകോടതിയെ സമീപിക്കുകയെന്ന വിഡ്ഢിത്തമാണ് ബിസിസിഐ സ്വീകരിച്ചതെന്നും ഇദ്ദേഹം വിമര്‍ശിച്ചു. അന്ന് 300 കോടി രൂപ കൊടുത്ത് ഈ കേസ് അവസാനിപ്പിക്കാനുള്ള അവസരമുണ്ടായതാണ്. എന്നാല്‍ സുപ്രിംകോടതി ഉത്തരവോടെ നഷ്ടപരിഹാര തുക ഇരട്ടിയോളമായി.

ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വകയില്‍ ബിസിസിഐയ്ക്ക് അഞ്ച് ലക്ഷം രൂപ ലഭിച്ചു. നേരത്തെ ഇന്ത്യ സിമന്റ്‌സിന്റെ ഉടമസ്ഥതയിലായിരുന്ന ഈ ഫ്രാഞ്ചെയ്‌സി ഇനി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കമ്പനിയുടെ ഉടമസ്ഥതയിലായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍