UPDATES

വടക്കാഞ്ചേരി പീഡനക്കേസ് വ്യാജമെന്ന് പൊലീസ്, പെൺകുട്ടി കരഞ്ഞുകാലുപിടിച്ചതുകൊണ്ടാണ് ആരോപണം ഉന്നയിച്ചതെന്ന് ഭാഗ്യലക്ഷ്മി

ഒരുപക്ഷെ കേസ് ജയിച്ചിരുന്നെങ്കിലും ഞാന്‍ മറുപടി പറയില്ല, തോറ്റത് കൊണ്ടും മറുപടി പറയുന്നില്ല

വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തരവകുപ്പ്. അനില്‍ അക്കരെ എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുവതിയുടെ പരാതി വ്യാജമാണെന്നും ആരോപണത്തിന് തെളിവില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിശദീകരണം. വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡന ആരോപണത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

പരാതി വ്യാജമാണെന്നും ആരോപണത്തിന് തെളിവില്ലെന്നും ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി ഉന്നയിച്ച യുവതിയും ഭര്‍ത്താവും ജയന്തന് മൂന്നര ലക്ഷം രൂപ രേഖകളില്ലാതെ കടമായി നല്‍കിയിരുന്നു. ഇത് തിരിച്ച് ചോദിച്ചിട്ട് നല്‍കാത്തതും യുവതിയുടെ ഭര്‍ത്താവിന് നേരെയുണ്ടായ ആക്രമണവുമാണ് പരാതിക്ക് കാരണമെന്ന് കേസ് അന്വേഷിച്ച പൂങ്കുഴലി റിപ്പോര്‍ട്ട് നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നു.

ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ അനില്‍ അക്കരെ രംഗത്തെത്തി. ഈ കേസ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നാണ് എംഎല്‍എയുടെ ആരോപണം. മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസായിരുന്നു ഇത്. ആ കേസുമായി മുന്നോട്ട് പോകുന്ന സമയത്ത് അതിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ശരിയായ രീതിയില്‍ കേസ് അന്വേഷിക്കുന്നില്ലെന്ന് പറഞ്ഞാണ് താന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നതെന്ന് അനില്‍ അക്കരെ എംഎല്‍എ അഴിമുഖത്തോട് പ്രതികരിച്ചു. കേസിലെ പ്രധാനപ്പെട്ട തെളിവ് യുവതിയെ തട്ടിക്കൊണ്ട് പോയ വാഹനമാണ്. ആ വാഹനം അത്താണിയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ പെയിന്റ് മാറ്റാനിട്ടിരിക്കുകയായിരുന്നു. പെയിന്റ് മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് നമ്മടെ പിള്ളാര് അത് കണ്ടെത്തി പോലീസില്‍ ഏല്‍പ്പിക്കുന്നത്. ചേര്‍പ്പ് തിരുവള്ളക്കാവിന്റെ അടുത്ത് ഒരു വീട്ടില്‍ വച്ചും തന്റെ വീട്ടില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് സ്ത്രീ പറഞ്ഞിരുന്നത്. ഇതില്‍ ചേര്‍പ്പിലെ വീട് കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഇവരുടെ വീടിനെ തൊണ്ടിയായി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും അനില്‍ അക്കരെ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അനില്‍ വ്യക്തമാക്കി.

ജയന്തന്‍ യുവതിക്കും ഭര്‍ത്താവിനും മൂന്നര ലക്ഷം രൂപ കൊടുക്കാനുണ്ടെന്നാണ് കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടുന്നതിന്റെ കാരണമായി പറയുന്നത്. പിന്നെ കുറ്റാരോപിതര്‍ യുവതിയുടെ ഭര്‍ത്താവിനെ തല്ലിയെന്നതാണ്. ഇത് രണ്ടും പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്ന് പറയുന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും സംശയാസ്പദമായി വന്നിട്ടുള്ളത്. കാരണം, ഈ തല്ലുന്ന സമയത്ത് സ്ത്രീ ദുബൈയിലായിരുന്നു. താന്‍ ദുബൈിയിലുണ്ടായിരുന്നപ്പോള്‍ ഭര്‍ത്താവിനെ തല്ലിയതിന്റെ പേരില്‍ ഒരു സ്ത്രീ തിരിച്ചുവന്ന് കൂട്ടബലാത്സംഗം നടത്തിയെന്ന് വ്യാജ പരാതി കൊടുക്കുമെന്ന് ചിന്തിക്കാനാകുന്നില്ലെന്നും അനില്‍ പറയുന്നു. മാത്രമല്ല, പൂങ്കുഴലി ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷമാകാനിടയുണ്ട്. ഒരു വര്‍ഷത്തിനടുത്തായി അവര്‍ സ്ഥലംമാറ്റം കിട്ടി കൊച്ചിയിലേക്ക് പോയതെന്ന് അനില്‍ അക്കരെ ചൂണ്ടിക്കാട്ടുന്നു. വളരെ നേരത്തെ കൊടുത്ത ഒരു റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് രഹസ്യമായി വച്ചത് കേസ് ആരും റീഓപ്പണ്‍ ചെയ്യാതെ മൂടിപ്പോകാനാണെന്ന് തോന്നുന്നു. സിപിഎമ്മിന്റെ കൗണ്‍സിലര്‍മാരെ നിരപരാധികളായി പ്രഖ്യാപിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിടുകയെന്നത് സിപിഎം നേതൃത്വം കൊടുക്കുന്ന ഒരു സര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താന്‍ 2016ല്‍ നല്‍കിയ പരാതിയില്‍ ഇപ്പോള്‍ ഈ മറുപടി ലഭിച്ചത് താന്‍ കേസ് വീണ്ടും കുത്തിപ്പൊക്കാനിടയുണ്ടെന്ന് തോന്നിയതിനാലാണെന്നും അനില്‍ വ്യക്തമാക്കി. അപ്പോഴും കേസ് അവസാനിപ്പിച്ചുവെന്ന് ആഭ്യന്തരവകുപ്പ് പറഞ്ഞിട്ടില്ലെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

2016ലാണ് പരാതിക്കടിസ്ഥാനമായ ആരോപണമുയര്‍ന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുമായി വാര്‍ത്താ സമ്മേളനം നടത്തിയാണ് ആരോപണമുന്നയിച്ചത്. ജയന്തനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം പരാതി വ്യാജമാണെന്നും തെളിവുകളില്ലെന്നുമുള്ള ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലിനോട് പ്രതികരിക്കാനില്ലെന്ന് ഭാഗ്യലക്ഷ്മി അഴിമുഖത്തോട് പ്രതികരിച്ചു. തന്നോട് സഹായം അഭ്യര്‍ത്ഥിച്ച ഒരു സ്ത്രീയെ സഹായിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.

അനില്‍ അക്കരെ ഒരു രാഷ്ട്രീയക്കാരനാണ്. ഞാന്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകയല്ല. എന്നെ സംബന്ധിച്ച് ഒരു സ്ത്രീ വന്ന് കരഞ്ഞ് കാലുപിടിച്ച് അവര്‍ക്ക് അവരുടെ ജീവിതത്തില്‍ സംഭവിച്ച ദാരുണമായ കാര്യം എന്നോട് പറഞ്ഞു. അനില്‍ അക്കരെ ഇടപെട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കിയ കേസാണ് ഇതെന്ന് ഞാന്‍ അന്ന് തന്നെ അവരോട് വളരെ വ്യക്തമായി പറഞ്ഞതാണ്. അപ്പോള്‍ അവര്‍ പറഞ്ഞത് ഒന്നുകില്‍ അവര്‍ ആത്മഹത്യ ചെയ്യും അല്ലങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുമെന്നാണ്. ഒരു സ്ത്രീക്ക് ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം നടക്കുമ്പോള്‍ അവര് പോയി സെക്രട്ടേറിയറ്റിന്റെ നടയിലിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനായില്ല. അതുകൊണ്ടാണ് ഞാന്‍ അവര്‍ക്കൊപ്പം പത്രസമ്മേളനം നടത്തിയത്. അതോടെ എന്റെ ജോലി കഴിഞ്ഞു. അതില്‍ക്കൂടുതല്‍ ഞാനിതിന്റെ പിന്നാലെ പോയിട്ടുമില്ല. ഇതിന്റെ പിന്നാലെ പോകാന്‍ ഞാനൊരു രാഷ്ട്രീയക്കാരിയല്ല. എന്നോട് സഹായം ചോദിച്ചു, ഞാന്‍ സഹായം ചെയ്തു. അത് അവിടെ കഴിഞ്ഞു.

പിന്നെ അന്ന് തന്നെ ഈ കേസില്‍ തെളിവില്ലാത്ത സാഹചര്യം ഞാന്‍ പറഞ്ഞിരുന്നതാണ്. ആറ് മാസം കഴിഞ്ഞിട്ടാണ് കുട്ടി കേസ് കൊടുത്തത്. സ്വാഭാവികമായും ശാരീരികമായ എല്ലാ തെളിവുകളും പോയ സാഹചര്യമുണ്ട്. ഒരു പെണ്ണ് എന്റെ മുന്നില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്തത്. ഇതിനെ വാര്‍ത്തയാക്കാനോ മറുപടി പറയാനോ എനിക്ക് യാതൊരു താല്‍പര്യവുമില്ല. കാരണം ഞാനൊരു രാഷ്ട്രീയക്കാരിയല്ല. രാഷ്ട്രീയക്കാരിയാകാന്‍ എനിക്ക് താല്‍പര്യവുമില്ല. ഒരുപക്ഷെ കേസ് ജയിച്ചിരുന്നെങ്കിലും ഞാന്‍ മറുപടി പറയില്ല, തോറ്റത് കൊണ്ടും മറുപടി പറയുന്നില്ല. എന്റെ ജോലി അവരെ സഹായിച്ചതോടെ അവസാനിച്ചുവെന്നും ഭാഗ്യക്ഷ്മി പറയുന്നു.

ALSO READ:“ഫ്‌ളാറ്റിന്റെ സ്‌കെച്ച് കണ്ടപ്പോള്‍ പാസാക്കി കൊടുത്തു കാണും. നല്ല കളറില്‍ ഭംഗിയില്‍ ആയിരിക്കുമല്ലോ വരച്ചിരിക്കുന്നത്”; മരട് ഫ്‌ളാറ്റ് വിവാദത്തില്‍ കൈകഴുകി ജനപ്രതിനിധികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍