കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 120 സീറ്റുകളാണ് ഉള്ളത്. ബിജെപിക്ക് 104 സീറ്റുകളും
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഏത് വിധേനയും കര്‍ണാടകയിലെ അധികാരം പിടിക്കാനൊരുങ്ങുകയാണ് ബിജെപി. കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ബിജെപിയില്‍ സജീവമായതായാണ് അറിയുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയും കര്‍ണാടകയില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും ഇതുസംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുന്നതായാണ് സൂചന.
മന്ത്രിസഭ പുനസംഘടനയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതിരുന്ന 6-7 കോണ്‍ഗ്രസ് എംഎല്‍എമാരിലാണ് ഇവരുടെ പ്രതീക്ഷ. കുമാരസ്വാമി സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഇവര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ അവസരം തേടിയിരിക്കുകയാണെന്നാണ് അറിയുന്നത്.
മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുംബൈയിലെ റിസോര്‍ട്ടിലാണെന്ന് മന്ത്രി ഡികെ ശിവകുമാര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ രമേശ് ജാര്‍ക്കിഹോളി(ഗോഖക്), ആനന്ദ് സിംഗ്(വിജയനഗര), ബി നാഗേന്ദ്ര(ബെല്ലാരി റൂറല്‍) എന്നിവര്‍ കൂറുമാറുമെന്നാണ് സംശയിക്കപ്പെടുന്നത്. ഇവര്‍ക്കൊപ്പം നാഗേന്ദ്രയുടെ അടുത്ത സുഹൃത്ത് മഹേഷ് കുമത്തല്ലി(അത്താണി), ശ്രീമന്ത് പാട്ടീല്‍(കാര്‍വാഡ്), ഉമേഷ് യാദവ്(ചിഞ്ചോളി) എന്നിവരെയും കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 120 സീറ്റുകളാണ് ഉള്ളത്. ബിജെപിക്ക് 104 സീറ്റുകളും ഉണ്ട്. 4-5 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിജെപിയുടെ എംഎല്‍എമാരെ ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു.
അതേസമയം കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ വലയിലാക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തതെന്നും യെദ്യൂരപ്പ പ്രതികരിച്ചു. കോണ്‍ഗ്രസും ദളും അനാവശ്യമായി ബിജെപിയെ ഭയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.