UPDATES

ട്രെന്‍ഡിങ്ങ്

നൈജീരിയയില്‍ പണിയെടുത്ത കാശ് കേരളത്തില്‍ മുടക്കി; പ്രവാസിയുടെ ആത്മഹത്യ സിപിഎമ്മിന് തലവേദനയാകുന്നു

നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തുവെന്നാണ് സാജന്റെ ഭാര്യ ബീന പറയുന്നത്

സിപിഎം കോട്ടയായ ആന്തൂര്‍ നഗരസഭയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാരിന് തലവേദനയാകുന്നു. കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്.

ഇന്നലെ രാവിലെയാണ് സാജനെ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപയാണ് ഈ ഓഡിറ്റോറിയത്തിനായി സാജന്‍ ചെലവഴിച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പറിന് അപേക്ഷിച്ചപ്പോള്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ അത് തടഞ്ഞുവയ്ക്കുകയായിരുന്നു. നിര്‍മ്മാണ് പ്രവര്‍ത്തനം നടക്കുന്നതിനിടെ നിയമലംഘനം ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സാജന്‍ നല്‍കിയ പരാതിയില്‍ ഉന്നതതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ നടപടി നഗരസഭാ ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിക്കുന്നു.

സ്വാഭാവിക നടപടിക്കായി സമയമെടുത്തെന്നും അനുമതി വൈകിച്ചില്ലെന്നുമാണ് നഗരസഭയുടെ വിശദീകരണം. എന്നാല്‍ ആന്തൂര്‍ നഗരസഭ പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. സാജന്‍ അപേക്ഷ നല്‍കിയിട്ട് നാല് മാസത്തോളമായിട്ടും അനുമതി നല്‍കാത്തതാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.

അതേസമയം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ക്ക് സാജനോടുള്ള വ്യക്തി വൈരാഗ്യമാണ് അനുമതി നിഷേധിക്കുന്നതിന് കാരണമായതെന്നാണ് അറിയുന്ന മറ്റൊരു വിവരം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തുവെന്നാണ് സാജന്റെ ഭാര്യ ബീന പറയുന്നത്. നൈജീരിയയില്‍ നിന്നും തിരിച്ചെത്തി നാട്ടില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ച ഒരു വ്യക്തിയാണ് നഗരസഭയുടെ കടുംപിടുത്തം മൂലം ആത്മഹത്യ ചെയ്തതെന്നത് സിപിഎമ്മിന് തിരിച്ചടിയാണ്.

ഈ വിഷയം ഇന്ന് നിയമസഭയിലും ചര്‍ച്ചയായിരിക്കുകയാണ്. വിഷയം ഗൗരവമായി പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. തെറ്റുണ്ടെങ്കില്‍ ഉറച്ച നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ആത്മഹത്യയുടെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ആരോപിക്കുന്നു.

read more:മരിച്ചവരും ക്വാറി ഉടമയും തദ്ദേശവാസികള്‍; അപകടം നടന്നത് കൊടിയത്തൂരിലെ അനേകം അനധികൃത ക്വാറികളിലൊന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍