UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുവിദ്യാഭ്യാസ ശാക്തീകരണം; ബട്ടര്‍ഫ്‌ളൈസ് അറ്റ് പൊന്നാനിക്ക് തുടക്കം

പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം

പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് പൊന്നാനി നിയോജകമണ്ഡലത്തില്‍ രൂപീകരിച്ച സമഗ്ര വിദ്യാഭ്യാസ ഇടപെടല്‍ പദ്ധതി ‘ബട്ടര്‍ ഫ്‌ളൈസ് അറ്റ് പൊന്നാനി’യ്ക്കു ശനിയാഴ്ച സ്‌കൂളുകളില്‍ തുടക്കമായി. പൊന്നാനിയിലെ വിദ്യാലയങ്ങളെ ലോകോത്തര അക്കാദമിക നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിയ്ക്ക് കീഴില്‍ വരുന്ന 12 വിദ്യാലയങ്ങളില്‍പ്പെട്ട എ.വി എച്.എസ്.എസ് പൊന്നാനി, ജി എച് എസ് എസ് തൃക്കാവ്, എം .ഐ.എച്.എസ്. എസ് ബോയ്‌സ് പൊന്നാനി എന്നീയിടങ്ങളിലാണ് ശനിയാഴ്ച സ്‌കൂള്‍ തല ഉദ്ഘാടനം നടന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങുകളില്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി. പി. മുഹമ്മദ് കുഞ്ഞി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പതിനാറോളം മൊഡ്യൂളുകള്‍ മുന്‍നിര്‍ത്തി കുട്ടികളുടെ പഠന നിലവാരത്തെ നിരന്തരം ശാസ്ത്രീയമായി വിലയിരുത്തി, സ്‌കൂളിന്റെയും കുട്ടികളുടെയും ആവശ്യങ്ങളെ പരിഗണിച്ച് കൊണ്ടാകും പദ്ധതി വികസിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാലയത്തിന്റെയും ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, സര്‍വേകളിലൂടെ എത്തുന്ന ശാസ്ത്രീയ നിഗമനങ്ങളില്‍ നിന്ന്, വ്യക്തിഗതമായി രൂപീകരിക്കുന്ന പദ്ധതിയാകും ഓരോ സ്‌കൂളിലും നടപ്പിലാക്കുക. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ദര്‍ശനത്തോട് ചേര്‍ന്നുനിന്നുകൊണ്ട് തുടക്കം കുറിച്ച ഈ ഉദ്യമം, കുട്ടികളുടെ അക്കാദമിക അനക്കാദമിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാര്‍ ചെയ്തിട്ടുള്ളതാണ്. പഠനവിഷയങ്ങളുടെ ആവശ്യകത സംബന്ധിച്ച് കുട്ടികള്‍ക്ക് വ്യക്തതമായ ധാരണ നല്‍കുവാനും, പഠിച്ച അറിവിനെ ജീവിതത്തില്‍ യുക്തിപൂര്‍വ്വം പ്രയോഗിക്കുവാനും ഉതകംവിധം, അറിവിന്റെ മൂല്യത്തെ പരീക്ഷയ്ക്കപ്പുറം എത്തിക്കലാണ് ബട്ടര്‍ഫ്‌ലൈസിന്റെ ലക്ഷ്യം.

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ഡിജിറ്റല്‍ ലോകത്തിലെ പൗരത്വം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന ഡിജിറ്റല്‍ സാപിയന്‍സ് എന്ന വര്‍ക് ഷോപാണ് ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പെരുമാറ്റ മര്യാദകളും നിയമങ്ങളും വിദ്യാലയങ്ങളില്‍ അടിസ്ഥാന പാഠമാകേണ്ടുന്ന സാഹചര്യത്തില്‍ ഈ വര്‍ക്ഷോപ്പ് ഭാവിയിലേക്ക് കരുതലാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍