UPDATES

വാഗ്ദാനങ്ങള്‍ പാലിച്ചില്ല; സി കെ ജാനു എന്‍ഡിഎ വിട്ടു

കേരളത്തില്‍ എന്‍ഡിഎ യോഗം ചേരാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഇതില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ജാനു

വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി നേതാവ് സി കെ ജാനു എന്‍ഡിഎ മുന്നണി വിട്ടു. ജനാധിപത്യ രാഷ്ട്രീയ സഭയുടെ കോഴിക്കോട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. നേരത്തെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍ഡിഎ നടത്തുന്ന ലോംഗ് മാര്‍ച്ചില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി അവര്‍ പ്രഖ്യാപിച്ചിരുന്നു.

എന്‍ ഡി എയുടെ ലോംഗ് മാര്‍ച്ചില്‍ നിന്നും വിട്ടു നിന്നത് മനഃപൂര്‍വ്വമാണ് എന്ന് സി കെ ജാനു കഴിഞ്ഞ ദിവസം അഴിമുഖത്തോട് പറഞ്ഞിരുന്നു. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് പ്രസ്താവിച്ച ജാനു എന്‍ ഡി എ വിടുന്നതിന്റെ സൂചനകള്‍ അന്നേ നല്‍കിയിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ലിംഗവിവേചനമാണ് കാണിക്കുന്നത്. ഞങ്ങള്‍ ആദിവാസികള്‍ പ്രകൃതിയെയാണ് ആരാധിക്കുന്നത്. ഞങ്ങള്‍ പിന്തുടരുന്ന ആചാരഅനുഷ്ഠാനങ്ങളില്‍ ആണ്‍-പെണ്‍ വേര്‍തിരിവുകളില്ല. അതില്‍ ഞാന്‍ ഉള്‍പ്പെടുന്ന അടിയ ഗോത്ര വിഭാഗത്തില്‍ പെണ്ണുങ്ങള്‍ക്കാണ് മുന്‍ഗണനയുള്ളത്. കല്യാണത്തിന് പെണ്ണുങ്ങള്‍ക്കാണ് ഇവിടെ സ്ത്രീധനം നല്‍കുന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളുടെ ജനനം ഞങ്ങള്‍ക്ക് സന്തോഷമാണെന്നും ജാനു പറഞ്ഞു.

കേരളത്തില്‍ എന്‍ഡിഎ യോഗം ചേരാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ജാനു ഇന്ന് വ്യക്തമാക്കി. അതിനാല്‍ ഇതില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ജാനു വ്യക്തമാക്കി. ആരുമായും രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവര്‍ കോഴിക്കോട് വ്യക്തമാക്കി.

സംസ്ഥാനത്ത് വനാവകാശനിയമം അതിന്റെ അന്തസത്തയോടെ നടപ്പിലാക്കാനുള്ള ഇടപെടല്‍ വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ബോര്‍ഡ്, കോര്‍പറേഷന്‍ പോലെയുള്ള ഭരണസംവിധാനങ്ങളില്‍ ആദിവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നതും ഒരു ആവശ്യമായിരുന്നു. പക്ഷേ ഓരോ തവണയും നീക്കിവച്ച് ഇപ്പോള്‍ രണ്ടര വര്‍ഷത്തോളമായി. കേരളത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ചെയ്തത് തന്നെയാണ് എന്‍ഡിഎയും തങ്ങളോട് ചെയ്യുന്നതെന്നും ജാനു കുറ്റപ്പെടുത്തുന്നു.

”മുന്നണി എന്ന രീതിയിലുള്ള ഒരു മര്യാദ അവര്‍ കാണിക്കുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു നിലപാട് സ്വീകരിച്ചില്ല. അടുത്ത പാര്‍ലമെന്റ് ഇലക്ഷന് സമയമായിരിക്കുന്നു. ഇത്രയും നാളായി ഒന്നും ചെയ്തില്ല എന്ന പ്രതിഷേധം പാര്‍ട്ടിയില്‍ എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് ഞങ്ങള്‍ ഒരു കര്‍ശനമായ നിലപാടിലേക്ക് നീങ്ങുകയാണ്. കൂടാതെ ജനാധിപത്യ രാഷ്ട്രീയ സഭ മുന്നോട്ട് വെച്ച രാഷ്ട്രീയവും എന്‍ഡിഎ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും തമ്മില്‍ വ്യത്യാസമുണ്ട്.” ജാനു പറഞ്ഞു.

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍