UPDATES

‘എന്ത് പിഎച്ച്ഡി ചെയ്താലും തൂപ്പുപണിയാണ് നിങ്ങള്‍ക്ക് പറഞ്ഞത്’; വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ച അധ്യാപികയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് കാലിക്കറ്റ് സര്‍വകലാശാല

മലയാളം വകുപ്പ് മേധാവി എല്‍ തോമസുകുട്ടിയോടും നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം

വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് വിസി. നാല് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നേരിടുന്ന അധ്യാപികയെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം ഇതോടെ അവസാനിച്ചു. ബോട്ടണി വിഭാഗത്തില്‍ പിഎച്ച്ഡി ഗവേഷകരുടെ ഗൈഡ് കൂടിയായ ഡോ. എം ഷമീനയോടാണ് വിസി അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്.

അരുണ്‍ പി റാം, ശ്വേത കെ, ഫര്‍ഹാദ് വി പി, മനു എന്നീ വിദ്യാര്‍ത്ഥികളാണ് അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ അരുണും ശ്വേതയും റിസര്‍വേഷന്‍ കാറ്റഗറിയിലുള്ള വിദ്യാര്‍ത്ഥികളാണെന്നും ഇവരെ അധിക്ഷേപിക്കുന്നത് അധ്യാപിക പതിവാക്കിയിരുന്നെന്നും മനു അഴിമുഖത്തോട് പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും പിഎച്ച്ഡി ചെയ്താലും തൂപ്പുപണിയാണ് നിങ്ങള്‍ക്ക് പറഞ്ഞത് എന്നൊക്കെയാണ് ടീച്ചര്‍ പറഞ്ഞിരുന്നത്. കൂടാതെ താന്‍ മറ്റ് രണ്ട് പേരുടെയും കാര്യങ്ങളില്‍ ഇടപെടണ്ടെന്നും കൂട്ടത്തില്‍ ജൂനിയറായ തന്നെ ആദ്യം തീസിസ് സമര്‍പ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും മനു വ്യക്തമാക്കി. അരുണ്‍ മനുവിന്റെ ഡാറ്റകള്‍ മോഷ്ടിക്കുന്നുവെന്നായിരുന്നു അധ്യാപികയുടെ മറ്റൊരു ആരോപണം.

തങ്ങളെ വര്‍ക്ക് ചെയ്യാന്‍ സമ്മതിക്കാതെ ലാബ് പൂട്ടിയിടുന്നതും ഇവരുടെ പതിവാണ്. മറ്റ് വകുപ്പുകളിലെല്ലാം കുട്ടികള്‍ക്ക് എപ്പോഴും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളപ്പോഴാണ് ഇത്. വര്‍ക്ക് ചെയ്യാതെ ഞങ്ങള്‍ക്ക് റിസല്‍റ്റ് കിട്ടില്ലല്ലോ? ശ്വേതയുടെയും അരുണിന്റെയും പേപ്പറുകള്‍ തെറ്റാണെന്ന് പറഞ്ഞ് അവസാനഘട്ടത്തില്‍ വെട്ടി ആദ്യം മുതല്‍ ചെയ്യാന്‍ പറഞ്ഞു. ശ്വേതയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന രാജീവ് ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ് ടീച്ചര്‍ ഇടപെട്ട് വെട്ടിച്ചതായും മനു ആരോപിച്ചു. ഇതേതുടര്‍ന്ന് നാല് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രണ്ട് ദിവസം മുമ്പ് എച്ച്ഒഡിക്കും വിസിയ്ക്കും സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരാതി നല്‍കി. തുടര്‍ന്നാണ് സമരം ആരംഭിച്ചത്. ഓള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍(എകെആര്‍എസ്) പിന്തുണയോടെയായിരുന്നു സമരം. മറ്റ് വകുപ്പുകളിലെ വിദ്യാര്‍ത്ഥികളും സമരത്തെ പിന്തുണച്ചു. മനുഷ്യാവകാശ കമ്മിഷനും ഇവര്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഞങ്ങളോടൊന്നും പറയാനില്ലെന്നാണ് സര്‍വകലാശാല നിയമിച്ച അന്വേഷണ കമ്മിഷനോട് ടീച്ചര്‍ പറഞ്ഞതെന്നും മനു വ്യക്തമാക്കി. കൂടാതെ ഞങ്ങള്‍ ആക്രമിക്കുമെന്നും അതിനാല്‍ മുറിപൂട്ടിയിടണമെന്നും കാണിച്ച് എച്ച്ഒഡിക്ക് പരാതിയും നല്‍കി. ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ചെയ്തുവെന്നും ലൈംഗികമായി അതിക്രമിച്ചെന്നും കാണിച്ച് പോലീസിലും പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.

നേരത്തെ മലയാളം വകുപ്പ് മേധാവി എല്‍ തോമസുകുട്ടിക്കെതിരെയും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. ജാതി അധിക്ഷേപം നടത്തിയെന്ന് സിന്ധു എന്ന ഗവേഷക വിദ്യാര്‍ത്ഥിയാണ് തോമസുകുട്ടിക്കെതിരെ ആരോപണം നടത്തിയത്. സിന്ധുവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനാല്‍ തോമസുകുട്ടിയോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സര്‍വകലാശാല വിസി.

also read:മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചാര്‍ത്തിയ മൂന്ന് യുഎപിഎ കേസുകള്‍ കൂടി തള്ളി; ഇനിയുള്ളത് നാല്‍പ്പതോളം കേസുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍