UPDATES

കേരളം

എടുത്തത് അഞ്ച് ലക്ഷം തിരിച്ചടച്ചത് എട്ട് ലക്ഷം; എന്നിട്ടും ബാങ്ക് കരുണ കാട്ടിയില്ല; സ്വയം തീ കൊളുത്തി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

പത്താം തിയതി വീട്ടിലെത്തിയ ബാങ്ക് അധികൃതര്‍ നാല് ദിവസത്തിനകം 6.80 ലക്ഷം തിരിച്ചടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി ചെയ്യുമെന്നും അറിയിച്ചിരുന്നു

ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് മലക്കടയില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മ ലേഖയും മരിച്ചു. 90 ശതമാനം പൊള്ളലോടെ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് എട്ടു മണിയോടെയാണ് ലേഖ മരിച്ചത്. അതേസമയം ബാങ്ക് നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് മരിച്ച വൈഷ്ണവിയുടെ അച്ഛന്‍ ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് 15 വര്‍ഷം മുമ്പ് ഇവര്‍ വായ്പയെടുത്തത്. ഇതില്‍ പലപ്പോഴായി എട്ട് ലക്ഷം രൂപയോളം തിരിച്ചടയ്ക്കുകയും ചെയ്തു.

ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ; മകള്‍ക്കു പിന്നാലെ അമ്മ ലേഖയും മരിച്ചു

2010-ലാണ് തിരിച്ചടവ് മുടങ്ങിയത്. ഗള്‍ഫിലായിരുന്ന ചന്ദ്രന്‍ ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയതോടെയായിരുന്നു അത്. കൂലിപ്പണി ചെയ്താണ് പിന്നീട് കുടുംബം പുലര്‍ത്തിയത്. അപ്പോഴും നാല് ലക്ഷം കൂടി തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. വീട് വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനെ തുടര്‍ന്ന് ബാങ്ക് സിജെഎം കോടതിയില്‍ കേസ് കൊടുക്കുകയായിരുന്നു. കോടതിയുടെ നിര്‍ദ്ദേശത്തില്‍ ഈ മാസം 10ന് അഭിഭാഷക കമ്മിഷനും പോലീസും ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തി. നാല് ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ജപ്തി ചെയ്യുമെന്നും കുടുംബത്തില്‍ നിന്നും എഴുതി വാങ്ങി.

അതേസമയം നാളെ വീട് ജപ്തി ചെയ്യുമെന്ന് ബാങ്കില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. ഇതേ തുടര്‍ന്ന് ലേഖയും വൈഷ്ണവിയും മാനസിമായി തളര്‍ന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈഷ്ണവി ഉടന്‍ മരിക്കുകയും ലേഖയെ തൊണ്ണൂറ് ശതമാനം പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും ഇക്കാര്യം ബാങ്കേഴ്‌സ് സമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബം സാവകാശം തേടിയിട്ടും നല്‍കാതിരുന്നത് ശരിയായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാങ്ക് നടപടി ന്യായീകരിക്കാന്‍ കഴിയാത്തതാണ്. പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാര്‍ പറയുന്നത് പോലും അനുസരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് തയ്യാറാകണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടി. അതേസമയം ജപ്തിക്കുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് തഹസീല്‍ദാര്‍ മുരളീധരന്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു.

read more:നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: മോറട്ടോറിയം ഉത്തരവ് പിഴവില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍