UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസെടുത്തു

ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ എട്ട് മണിക്കൂറിനുള്ളില്‍ 15,000 പേര്‍ ഷെയര്‍ ചെയ്യുകയും വാട്‌സ്ആപ്പിലൂടെ പ്രചരിക്കുകയും ചെയ്തു

നിപ വൈറസിനെക്കുറിച്ച് വ്യാജവും അപകടകരവുമായ പ്രചാരണം നടത്തിയതിന് വ്യാജ വൈദ്യന്മാരായ മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കുമെതിരെ തൃത്താല പോലീസ് കേസെടുത്തു. പ്രൈവറ്റ് ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ പരാതിയിലാണ് കേസ്.

പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ചതിന്റെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങള്‍ തിന്നുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചാണ് മോഹന്‍ വൈദ്യര്‍ വ്യാജപ്രചരണം നടത്തിയത്. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ എട്ട് മണിക്കൂറിനുള്ളില്‍ 15,000 പേര്‍ ഷെയര്‍ ചെയ്യുകയും വാട്‌സ്ആപ്പിലൂടെ പ്രചരിക്കുകയും ചെയ്തു. നിപ പ്രതിരോധമെന്ന നിലയില്‍ വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി മുന്നോട്ട് പോകുമ്പോഴാണ് മോഹനന്‍ വൈദ്യര്‍ ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചത്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സൃഷ്ടിയാണ് നിപ വൈറസെന്നും അത് ആരോഗ്യ വകുപ്പിന്റെ പ്രൊജക്ടാണെന്നും മോഹനന്‍ വൈദ്യര്‍ തന്റെ വീഡിയോയില്‍ പറയുന്നു. ‘ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു. ഞാന്‍ ഈ വവ്വാല്‍ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കില്‍ ഞാന്‍ മരിക്കണം’. എന്നു പറഞ്ഞുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ പഴങ്ങള്‍ കഴിച്ചത്.

പ്രകൃതി ചികിത്സകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്കബ് വടക്കഞ്ചേരിയും നിപയെക്കുറിച്ച് അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നിപ എന്നൊരു വൈറസ് ഇല്ലെന്നും മരുന്ന് മാഫിയയാണ് ഇതിന് പിന്നിലെന്നുമാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ ഫേസ്ബുക്ക് പേജായ ഇന്‍ഫോക്ലിനിക്കിന്റെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി നടപടി ഉറപ്പു നല്‍കുകയും ചെയ്തതാണ്.

നിപ വൈറസിനെ മാത്രമല്ല, പേടിക്കണം ഈ വ്യാജ വൈദ്യന്മാരെയും

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍