UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കവിയൂര്‍ കേസ്: അനഘയെ പീഡിപ്പിച്ചത് അച്ഛനല്ല; വിഐപിയെക്കുറിച്ച് ഉറപ്പില്ലെന്നും സിബിഐ

ഇന്ന് സമര്‍പ്പിച്ച നാലാമത്തെ റിപ്പോര്‍ട്ടിലാണ് അച്ഛനെതിരെ വ്യക്തമായ തെളിവില്ലെന്ന് സിബിഐ പറഞ്ഞിരിക്കുന്നത്

കവിയൂര്‍ പീഡനക്കേസില്‍ നിലപാടുകളില്‍ മാറ്റം വരുത്തി സിബിഐ. ആത്മഹത്യ ചെയ്ത അനഘയെ പീഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ ഇന്ന് തിരുവനന്തപുരം പ്രത്യേക കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ ഉയര്‍ന്നു വന്ന വിഐപിയെക്കുറിച്ച് ഉറപ്പില്ലെന്നാണ് ഇപ്പോള്‍ സിബിഐ പറയുന്നത്.

സിബിഐയുടെ മുന്‍നിലപാടുകളില്‍ നിന്നും വ്യത്യസ്തമാണ് ഇന്ന് കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. കവിയൂരില്‍ അച്ഛനും അമ്മയും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തതിന് പിന്നില്‍ സെക്‌സ് റാക്കറ്റ് ആണെന്നും ഉന്നതര്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. രാഷ്ട്രീയ ബന്ധം ഉയര്‍ന്നതോടെ കേസ് ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. കുടുംബത്തിലെ മൂത്ത പെണ്‍കുട്ടിയായ അനഘ കൊല്ലപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട്.

തുടര്‍ന്ന് സമര്‍പ്പിച്ച രണ്ട് റിപ്പോര്‍ട്ടുകളിലും ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് തൊട്ട് ഇവര്‍ വീടിന് പുറത്തു പോയിട്ടില്ലെന്നും ആരും വീട്ടിലേക്ക് വന്നിട്ടില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി. അതിനാല്‍ മകളെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് ഇവര്‍ കണ്ടെത്തിയത്. തെളിവുകളുടെ പിന്‍ബലമില്ലാത്ത ഈ രണ്ട് റിപ്പോര്‍ട്ടുകളും കോടതി തുടരന്വേഷണത്തിനായി തള്ളുകയും ചെയ്തു.

ഇന്ന് സമര്‍പ്പിച്ച നാലാമത്തെ റിപ്പോര്‍ട്ടിലാണ് അച്ഛനെതിരെ വ്യക്തമായ തെളിവില്ലെന്ന് സിബിഐ പറഞ്ഞിരിക്കുന്നത്. ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനായിട്ടില്ലെന്ന് എഎസ്പി അനന്തകൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും മറ്റ് രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കിളിരൂര്‍ പീഡനക്കേസില്‍ ലതാ നായരെ സിബിഐ കോടതി പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ലതാ നായര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സിബിഐ റിപ്പോര്‍ട്ട് ഈ മാസം 30ന് കോടതി പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍