UPDATES

ട്രെന്‍ഡിങ്ങ്

‘പുറത്തുവരുന്ന ഫോട്ടോ എഡിറ്റ് ചെയ്തത്’; എല്‍ദോ എംഎല്‍എയുടെ കൈ തല്ലിയൊടിച്ചത് താനല്ലെന്ന് സെന്‍ട്രല്‍ എസ്‌ഐ

മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമാണ്‌ വിപിന്‍ദാസ് തന്നെ മര്‍ദ്ദിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്

കൊച്ചിയില്‍ സിപിഐ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ചത് താനല്ലെന്ന് സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസ്. ആ രീതിയില്‍ എംഎല്‍എ പുറത്തുവിട്ട ഫോട്ടോ എഡിറ്റ് ചെയ്തതാണെന്നും വിപിന്‍ദാസ് അഴിമുഖത്തോട് പ്രതികരിച്ചു. സിപിഐ പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവരുന്നുണ്ട്. എന്നാല്‍ താന്‍ എംഎല്‍എയെ മര്‍ദ്ദിക്കുന്നതിന്റെ ഫോട്ടോയാണ് പുറത്തുവന്നത്. ആ ചിത്രം എഡിറ്റ് ചെയ്തതാണ്. സംഭവ സ്ഥലത്ത് താന്‍ എംഎല്‍എയെ കണ്ടിട്ടില്ലെന്നും വിപിന്‍ദാസ് അറിയിച്ചു.

എല്‍ദോ എബ്രഹാം എംഎല്‍എ തന്നെയാണ് വിപിന്‍ദാസ് തന്നെ മര്‍ദ്ദിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്. ഇന്നലെ നടന്ന മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എംഎല്‍എയെ വിപിന്‍ദാസ് മര്‍ദ്ദിക്കുന്ന ചിത്രമാണ് പുറത്തായത്. നേരത്തെ നിരവധി പേരെ മര്‍ദ്ദിച്ച കേസില്‍ ആരോപണ വിധേയനായ എസ്‌ഐ ആരുടെയോ നിര്‍ദ്ദേശ പ്രകാരം എംഎല്‍എയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ കേരളത്തിലെ പൊലീസ് സംവിധാനം നല്ല നിലയ്ക്കല്ല പ്രവര്‍ത്തിക്കുന്നതെന്ന് മര്‍ദ്ദനത്തില്‍ കൈയൊടിഞ്ഞ എല്‍ദോ എബ്രഹാം പ്രതികരിച്ചു. തിരുത്തല്‍ ശക്തിയായി തന്നെ സിപിഐ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും വിപിന്‍ദാസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം പഴയ പ്രശ്നങ്ങളെല്ലാം നേരത്തെ തന്നെ പറഞ്ഞ് തീര്‍ത്തതാണെന്നും ഇപ്പോഴത്തെ പ്രശ്നങ്ങളും പഴയ പ്രശ്നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നുമാണ് പി രാജു അഴിമുഖത്തോട് പറഞ്ഞതെങ്കിലും പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഈ സംഭവം പോലീസ് മനപ്പൂര്‍വം ഉണ്ടാക്കിയതാണ്. പോലീസിന്റെ പിടിപ്പുകെട്ട സമീപനം മൂലമാണ് പ്രശ്നമുണ്ടായത്. സംയമനം പാലിക്കേണ്ട പോലീസ് തുടക്കത്തിലേ അക്രമാസക്തരായിരുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, സെന്‍ട്രല്‍ സിഐ വിജയശങ്കര്‍, നോര്‍ത്ത് എസ്ഐ വിപിന്‍ദാസ് എന്നിവരാണ് എംഎല്‍എയും മറ്റ് സിപിഐ നേതാക്കളെയും അടിച്ചത്. ലാല്‍ജി അടിച്ചോളാന്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. സിപിഐയും സിപിഎമ്മും തമ്മില്‍ നിലവില്‍ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല’.- അദ്ദേഹം പറയുന്നു. ആഭ്യന്തരം സിപിഎമ്മിന്റെ കയ്യിലായതുകൊണ്ടാണ് പോലീസ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് കരുതുന്നില്ലെന്നാണ് രാജു പറയുന്നത്. പോലീസിനെതിരെ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും രാജു കൂട്ടിച്ചേര്‍ക്കുന്നു.

നടപടിയില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെഎന്‍ സുഗതന്‍, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സന്‍ജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. അടിയേറ്റ് എല്‍ദോയുടെ കൈ ഒടിഞ്ഞിരുന്നു. എല്‍ദോയെ തല്ലുന്നത് തടയുന്നതിനിടെയാണ് പി രാജുവിന്റെ തലയ്ക്ക് പരിക്കേറ്റത്. കെ.എന്‍. സുഗതന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. അസ്ലഫ് പാറേക്കാടന് കഴുത്തിനാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവര്‍ ഇന്ന് ആശുപത്രി വിടുമെന്നാണ് സിപിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എറണാകുളം ഓഫീസിലേക്ക് സിപിഐ പ്രവര്‍ത്തകര്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. അതോടെ പ്രവര്‍ത്തകരും പൊലീസും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

read more:തൊവരിമല സമരം പൊളിക്കാനായി എംഎല്‍എ സി കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നെന്ന് സമരസമിതി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍