UPDATES

ട്രെന്‍ഡിങ്ങ്

‘നൗഷാദിനെ കൊല്ലാനും മാത്രം അടുത്തൊന്നും വഴക്കൊന്നുമുണ്ടായിട്ടില്ല’; ചാവക്കാട് കൊലപാതകത്തില്‍ നാട്ടുകാരുടെ സംശയങ്ങള്‍

അക്രമത്തിന് പിന്നില്‍ ചാവക്കാട് പ്രദേശത്ത് തന്നെയുള്ളവരാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്

ചാവക്കാട് പുന്നയില്‍ നടന്ന കൊലപാതകം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തകാലത്തൊന്നും പ്രദേശത്ത് അടിപിടിയോ അക്രമസംഭവങ്ങളോ ഒന്നുമുണ്ടാകാതിരുന്നതാണ് നാട്ടുകാരെ ഞെട്ടിക്കുന്നത്. കോണ്‍ഗ്രസിന് സ്വാധീനമുള്ള പുന്ന മേഖലയില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തനത്തെ നൗഷാദ് എതിര്‍ത്തിരുന്നതാണ് അക്രമത്തിന് കാരണമായി വിലയിരുത്തുന്നത്.

എസ്ഡിപിഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പുന്നയില്‍ മാസങ്ങള്‍ക്ക് മുമ്പ് ചെറിയ അടിപിടികള്‍ നടന്നതല്ലാതെ കൊലപാതകത്തിനുതക്ക പ്രകോപനം സൃഷ്ടിക്കുന്ന സംഭവങ്ങളൊന്നും അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുന്ന സെന്ററില്‍ ഇരിക്കുകയായിരുന്ന നൗഷാദിനെയും കൂട്ടരെയും കൊടുവാള്‍, വടിവാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങളുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘത്തില്‍ ചിലര്‍ മുഖംമൂടി ധരിച്ചിരുന്നു.

ഇതിനിടെ അക്രമത്തിന് പിന്നില്‍ ചാവക്കാട് പ്രദേശത്ത് തന്നെയുള്ളവരാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വെട്ടേറ്റ ബിജേഷും സുരേഷും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പുന്നയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു നൗഷാദ്. നാലുപേരും സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. നൗഷാദിന്റെ വയറ്റില്‍ വാളുകൊണ്ട് വരഞ്ഞ് ഓടിക്കോളാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. നൗഷാദ് മാത്രമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് സൂചന.

അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൗഷാദിന്റെ മരണത്തെ തുടര്‍ന്ന് ചാവക്കാട് ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. നഗരത്തില്‍ വാഹനങ്ങള്‍ കുറച്ചുസമയം തടഞ്ഞു. അഞ്ചങ്ങാടി-പുതുപൊന്നാനി റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തി.

സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. അതേസമയം കൊല്ലപ്പെട്ട നൗഷാദിന്റെ പേരില്‍ അടിപിടിക്കേസുകള്‍ ഉള്‍പ്പെടെ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. നൗഷാദിന്റെ മൃതദേഹം മുണ്ടൂര്‍, കേച്ചേരി, ചൂണ്ടല്‍, ചൊല്ലൂര്‍പടി, ഗുരുവായൂര്‍, പഞ്ചാരമുക്ക്, ചാവക്കാട് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചു. ചൂണ്ടല്‍ മുതല്‍ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്.

read more:ലക്ഷ്യമിട്ടത് ഡി.കെ ശിവകുമാറിനെ, കൊണ്ടത് കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയ്ക്ക്; ഹവാല ഇടപാടുകളിലേക്ക് വിരല്‍ ചൂണ്ടി ആദായനികുതി വകുപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍