UPDATES

പ്രവാസം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ വിമാനങ്ങള്‍ക്കായി സൗകര്യം ഒരുക്കും; സ്ഥലമേറ്റെടുക്കല്‍ ഉടന്‍

സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലവിലുള്ള റണ്‍വേയുടെ നീളം 2850 മീറ്ററായതിനാല്‍ ജംബോ വിമാനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കുന്നതിന് റണ്‍വേയുടെ നീളം 3400 മീറ്ററായും റണ്‍വേ സ്ട്രിപ്പിന്റെ വീതി 300 മീറ്ററായും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി അബ്ദുള്‍ ഹമീദ് എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. റണ്‍വേയുടെ നീളം വര്‍ധിപ്പിക്കുന്നതിനൊപ്പം പാരലല്‍ ടാക്സിവേ നിര്‍മ്മാണം, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ 240 മീറ്റര്‍ വീതമാക്കുന്ന പ്രവൃത്തി എന്നിവ പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ 485.3 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

വിമാനത്താവളത്തിന്റെ റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചുവെങ്കിലും നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പ്രസ്തുത ശുപാര്‍ശ പുനഃസമര്‍പ്പിക്കുവാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് DGCA പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ ബോയിംഗ് 777-200 പോലുള്ള വിമാനങ്ങള്‍ ഇറങ്ങാന്‍ ഉതകുന്ന തരത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ ദൈര്‍ഘ്യം 90 മീറ്ററില്‍നിന്ന് 240 മീറ്ററായി വര്‍ദ്ധിപ്പിക്കുകയും ലൈറ്റിംഗ് അറൈഞ്ച്മെന്റ്സ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഹജ്ജ് യാത്രക്കാര്‍ക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍