UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വസന്തകുമാറിന്റെ ഭാര്യയ്ക്ക് ആവശ്യമെങ്കില്‍ എസ് ഐ തസ്തികയില്‍ ജോലി; നിലവിലുള്ള ജോലി സ്ഥിരപ്പെടുത്തിയാല്‍ മതിയെന്ന് കുടുംബം

വാസയോഗ്യമായ സ്ഥലത്ത് വീട് വേണമെന്നും കുടുംബം ആവശ്യപ്പെട്ടു

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച വസന്തകുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വസന്തകുമാറിന്റെ ഭാര്യ ഷീന അമ്മ ശാന്ത എന്നിവരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുകയും വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഷീനയ്ക്ക് ആവശ്യമെങ്കില്‍ എസ്‌ഐ തസ്തികയില്‍ ജോലി നല്‍കാമെന്ന് അറിയിച്ചു.

വേണമെങ്കില്‍ അത് സ്വീകരിക്കാമെന്നും തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ വയനാട്ടിലെ ലക്കിടിയിലുള്ള വെറ്റിനറി സര്‍വകലാശാലയില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായി ജോലിയുണ്ട്. ഈ ജോലി സ്ഥിരപ്പെടുത്തി നല്‍കിയാല്‍ മതിയെന്നാണ് ഷീന മുഖ്യമന്ത്രിയെ അറിയിച്ചത്. നേരത്തെ തന്നെ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. അതോടൊപ്പം തന്നെ ലക്കിടിയില്‍ കുന്നത്ത് ഇടവകയിലുള്ള വസന്തകുമാറിന്റെ വീട്ടിലേക്ക് വാഹനം എത്തിപ്പെടുന്ന റോഡില്ല. കൂടാതെ വന്യമൃഗങ്ങളുടെ ആക്രമണം എപ്പോഴുമുണ്ടാകുന്ന പ്രദേശമാണ് ഇത്. ഈ അസൗകര്യങ്ങളും ഷീന മുഖ്യമന്ത്രിയെ അറിയിച്ചു. വാസയോഗ്യമായ സ്ഥലത്ത് പുതിയ വീടാണ് കുടുംബത്തിന്റെ ആവശ്യം.

രാവിലെ 9 മണിയോടെ തൃക്കൈപ്പറ്റയിലെ മുക്കംകുന്നിലെ വാഴക്കണ്ടി വീട്ടിലേക്ക് ഭാര്യ കമല, മന്ത്രിമാരായ ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി എത്തിച്ചേര്‍ന്നത്. വസന്തകുമാറിന്റെ തറവാട് വീടാണ് ഇത്. എംഎല്‍എമാരായ സികെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മന്ത്രി എകെ ബാലന്‍ നേരത്തെ ഈ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തോടും കുടുംബാംഗങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നപ്പോള്‍ അംഗീകാരം ലഭിക്കുകയും ചെയ്തതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍