UPDATES

ആര്‍പ്പോ ആര്‍ത്തവത്തില്‍ തീവ്രസ്വഭാവമുള്ളവരെന്ന് പോലീസ് റിപ്പോര്‍ട്ട്: മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല

സംഘാടകര്‍ തീവ്രസ്വഭാവമുള്ളവരാണെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് അറിയുന്നു

കൊച്ചിയിലെ ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവമുള്ളവരാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമി ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ കെ ശൈലജയും ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നത്.

അതേസമയം ഇതിനെക്കുറിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പരിപാടിയുടെ മുഖ്യസംഘാടക അഡ്വ. മായ കൃഷ്ണന്‍ അഴിമുഖത്തോട് അറിയിച്ചു. ഇന്ന് പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രിയും ശൈലജ ടീച്ചറും പങ്കെടുക്കുമെന്നാണ് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതുവരെയും ഇരുവരും എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ ചുംബനസമരവുമായി ബന്ധപ്പെട്ടവരും പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

എറാണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് മുഖ്യമന്ത്രിയെ വേദിയിലെത്തിക്കാമെന്ന് ഏറ്റതെന്ന് സംഘാടകര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി എത്തുന്നില്ലെങ്കില്‍ അത് രാവിലെ തന്നെ അറിയിക്കാമെന്ന് സി എന്‍ മോഹനന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും അദ്ദേഹം എത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവര്‍ അറിയിച്ചു. ഇനി മുഖ്യമന്ത്രി എത്തിയില്ലെങ്കില്‍ അതിന് ഉത്തരം പറയേണ്ടത് സി എന്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ത്തവം അശുദ്ധമല്ല എന്ന കാമ്പെയ്‌നുമായി സംഘാടകര്‍ രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസും സ്ഥിരീകരിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ചാണ് സംഘാടകര്‍ തീവ്രസ്വഭാവമുള്ളവരാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് അന്വേഷണം നടത്തി വരികയാണ് ഇതിനിടയിലാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും മുഖ്യമന്ത്രിയുടെ പിന്മാറ്റവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍