UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉദ്യോഗസ്ഥരുടെ ദാസ്യപ്പണിക്ക് പോലീസുകാര്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി, ഡിജിപിയോട് വിശദീകരണം തേടി

ഈ പ്രശ്‌നത്തെ സര്‍ക്കാര്‍ അതീവ ഗുരുതരമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പോലീസുകാര്‍ അടിമപ്പണി ചെയ്യുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്രയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഈ പ്രശ്‌നത്തെ സര്‍ക്കാര്‍ അതീവ ഗുരുതരമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാരാണെന്ന് കാണുന്ന ഉദ്യോഗസ്ഥര്‍ എത്ര ഉന്നതരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ തനിമ മനസിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന് പരാതി ഉന്നയിച്ച ഡ്രൈവര്‍ ഗാവസ്‌കറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

ഇന്ന് രാവിലെ ഗാവസ്‌കറിന്റെ ഭാര്യ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി ഉന്നയിച്ചിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് വിഷയം അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ചുമതലപ്പെടുത്തിയിട്ടുള്ള പോലീസുകാരുടെ വിവരങ്ങള്‍ ഹാജരാക്കാനും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം ഹാജരാക്കാനുമാണ് നിര്‍ദ്ദേശം. എഡിജിപിയുടെ വീട്ടില്‍ പോലീസുകാര്‍ നേരിടുന്നത് അടിമപ്പണിയാണെന്നായിരുന്നു ഗാവസ്‌കറിന്റെ വെളിപ്പെടുത്തല്‍.

ഇതിനിടെ സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന കേസ് അന്വേഷണം ഡിവൈഎസ്പിയ്ക്ക് കൈമാറി. സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപനാണ് അന്വേഷണ ചുമതല. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്ന ഗാവസ്‌കറിന്റെ പരാതിയും ഡ്രൈവര്‍ മര്‍ദ്ദിച്ചെന്ന മകളുടെ പരാതിയും ഒരുമിച്ച് അന്വേഷിക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഗാവസ്‌കറിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എഡിജിപിയുടെ വീട്ടിലെ പട്ടിക്കുള്ള മീന്‍ വറുക്കാനായി എസ്എപി ക്യാമ്പിലെത്തിയ പോലീസുകാരനെ മറ്റുള്ളവര്‍ തടഞ്ഞിരുന്നു. പട്ടിക്കുള്ള മീന്‍ മേടിക്കായി പോലീസുകാരെയാണ് വിടുന്നതെന്ന് ജീവനക്കാരും സമ്മതിച്ചു. ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസ് അസോസിയേഷനും മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍